തോരാ മഴ തുടരും: റെഡ് അലർട്ട് നാലില്‍ നിന്നും എട്ട് ജില്ലകളിലേക്ക്; മൂഴിയാർ ഡാം തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകും. മഴ മുന്നറിയിപ്പ് പുതുക്കിയ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് കൂടുതല്‍ ജില്ലകളില്‍ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ നാളെയും റെഡ് അലർട്ടാണ്. ഈ ജില്ലകളില്‍ 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതുക്കിയ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത സൂചിപ്പിക്കുന്ന ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, പത്തനംതിട്ട ജില്ലയിലെ മൂഴിയാർ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ ഉച്ചയ്ക്ക് ഒരു മണിയോടെ ഒരു ഷട്ടർ തുറന്നു. മൂന്നു ഷട്ടറുകളിൽ രണ്ടാമത്തെ ഷട്ടർ 20 സെൻ്റീ മീറ്റർ തുറന്ന് ആണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്.തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയരും.
കക്കാട്ടാറിൻ്റെയും, പ്രത്യേകിച്ചു മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതാ പുലർത്തണമെന്നും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററായി നിജപ്പെടുത്തിപ്പെടുത്തിയിരിക്കുകയാണ്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി ആരംഭിച്ചു. തിരുവല്ല താലൂക്കിലെ ഇരവിപേരൂര്‍ വില്ലേജില്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് പുതിയ ക്യാമ്പ്. വെള്ളം കയറിയ ചെങ്ങാമണ്‍ പ്രദേശത്തെ ഒരു കുടുംബത്തിലെ രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. കോന്നി താലൂക്കില്‍ തണ്ണിത്തോട് വില്ലേജില്‍ പകല്‍വീടില്‍ ആരംഭിച്ച ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം വില്ലേജില്‍ സെന്റ് ബഹനാന്‍സ് യു.പി സ്‌കൂളിലെ ക്യാമ്പ് താല്‍ക്കാലികമായി അടച്ചു.












Click it and Unblock the Notifications