സംസ്ഥാനത്ത് ഇന്നും മഴ; 6 ജില്ലകളിൽ യെല്ലോ അലർട്ട്..ഈ 3 ജില്ലകളിൽ അവധി..ഉത്തരേന്ത്യയിൽ മഴ കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധി. അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശമുണ്ട്. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ 15 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് നിർദ്ദേശം.

അതേസമയം ഉത്തരേന്ത്യയിൽ മഴ കുറഞ്ഞു. ഇതോടെ വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. കനത്ത മഴ തുടർന്ന ഹിമാചലിൽ നിന്ന് 50 ശതമാനത്തോളം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു അറിയിച്ചു. കഴിഞ്ഞ ദിവസം കസോളിൽ കുടുങ്ങിയ 2000ത്തോളം വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
മഴയെ തുടർന്ന് ദിവസങ്ങളായി അടഞ്ഞ് കിടക്കുന്ന റോഡുകളിൽ പലതും തുറന്ന് കൊടുത്തു. ജൂൺ 24 ന് കാലവർഷം ആരംഭിച്ചത് മുതൽ ഇതുവരെ 88 പേരാണ് മരണപ്പെട്ടത്. 16 പേരെ കാണാതായിട്ടുണ്ട്. 100 ഓളം പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. മഴക്കെടുതിയിൽ ഹിമാചലിന് 4,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു.
അതിനിടെ ഡൽഹിയിൽ യമുനാ നദിയിലെ ജലനിരപ്പ് അപകടമാംവിധം തുടരുന്നതിനാൽ ഇവിടെ കനത്ത ജാഗ്രത പുറപ്പെടുവിച്ചു.ഇന്ന് രാവിലെ ഏഴ് മണിക്ക് 208.46 ആണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. ബുധനാഴ്ച 207.55 ആയിരുന്നു ഇത്. ഇതോടെ വെള്ളപ്പൊക്ക സാധ്യത പരിഗണിച്ച് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. വൊള്ളപ്പൊക്ക സാധ്യത മേഖകളിൽ പോലീസ് നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. 12 എൻഡആർഎഫ് സംഘത്തേയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
അതേസമയം യമുനയിലെ ജലനിരപ്പ് അപകടമാംവിധ ഉയരാൻ കാരണം ഹത്നികുണ്ഡ് അണക്കെട്ട് തുറന്നുവിട്ടതാണെന്നും എത്രയും പെട്ടെന്ന് വിഷയത്തിൽ ഇടപെടണമെന്നും ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിട്ടുണ്ട്.












Click it and Unblock the Notifications