സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; 2 ജില്ലകളിൽ യെല്ലോ അലർട്ട്..കോന്നിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ - മധ്യ ജില്ലകളിലാണ് മഴ കനക്കുക. ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലയിലും ജാഗ്രത തുടരുകയാണ്.

അതിനിടെ കനത്ത മഴ തുടരുന്ന പത്തനംതിട്ടയിലെ കോന്നി താലൂക്കിലെ എല്ലാ വിഭ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പ്രകാരം പൊതുപരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു. ജില്ലയിലെ മലയോര മേഖലകളിൽ ഇപ്പോഴും മഴ തുടരുകയാണ് ഗുനാഥൻമണ്ണ്, മുണ്ടൻപാറ മേഖലയിൽ ഇന്നലെ രാത്രിയിലും കനത്ത മഴയാണ് പെയ്തത്. കക്കാട്ടാർ കരകവിഞ്ഞു.തീരദേശത്ത് ഉള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മണിയാർ ഡാമിന്റെ രണ്ടു ഷട്ടറുകളും മൂഴിയാർ ഡാമിന്റെ ഒരു ഷട്ടറും തുറന്നു.
പമ്പയിലും ജലനിരപ്പ് ഉയർന്നു. റാന്നി കുരുമ്പൻമൂഴി കോസ് വേയിൽ വെള്ളം കയറി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പത്തനംതിട്ട ജില്ലയിൽ പലയിടങ്ങളിലായി ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നുണ്ട്. ജില്ലയിലെ പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരെ ലഭിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഉൾവനത്തിൽ രണ്ടു ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. സീതത്തോട് പഞ്ചായത്തിൽ മണ്ണിടിച്ചിൽ സംഭവിച്ചു. പരിസരപ്രദേശത്തെ ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളിൽ മാറ്റി പാർപ്പിച്ചതായി കളക്ടർ അറിയിച്ചു. 'റോഡ് ഗതാഗത തടസ്സം നീക്കുവാൻ നടപടികൾ സ്വീകരിച്ച് വരികയാണ്. മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം .ഗവിയിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ നിരോധിച്ചിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നു ഇനിയുള്ള 24 മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ ഇടയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുണ്ടെന്നും കളക്ടർ അറിയിച്ചു.












Click it and Unblock the Notifications