മഴ ശക്തമാവും: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. നാളെ കണ്ണൂർ കാസർകോട് ജില്ലകളില്‍ ഒറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത ദിവസങ്ങളില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദേശം
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്‍റെ വേഗത സെക്കൻഡിൽ 35 cm നും 80 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
അതേസമയം, സംസ്ഥാനത്ത് കടന്നുപോയത് 47 വർഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമാണ്. സംസ്ഥാനത്താകെ 60 ശതമാനം മഴക്കുറവാണ് കഴിഞ്ഞ മാസത്തിലുണ്ടായത്. 648 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 260 മി. മീറ്ററാണ് ലഭിച്ചത്. 1900നുശേഷം ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂൺ കൂടിയാണിത്. 1962ൽ 224.9 മി.മീ, 1976ൽ 196.4 മി.മീ എന്നിവയാണ് നേരത്തേ കുറവ് രേഖപ്പെടുത്തിയത്. ജൂൺ ആദ്യം അറബിക്കടലിൽ രൂപംകൊണ്ട ബിപർജോയ് ചുഴലിക്കാറ്റും കാലവർഷക്കാറ്റ് ശക്തമാകാത്തതുമാണ് മഴ കുറയാൻ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications