രാജ്ഭവന്റെ പേര് മാറ്റുന്നു... ഇനി മുതല്‍ ലോക്ഭവന്‍; കേരളത്തില്‍ നാളെ പ്രഖ്യാപനം
തിരുവനന്തപുരം: ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവന്റെ പേര് മാറ്റുന്നു. ഇനി മുതല്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതി ലോക് ഭവന്‍ എന്നാണ് അറിയപ്പെടുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. കേരളത്തില്‍ നാളെയായിരിക്കും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സ്വദേശമായ ഗോവയിലാണ്.
ഇന്ന് ആര്‍ലേക്കര്‍ തലസ്ഥാനത്ത് തിരിച്ചെത്തും. 2024 ല്‍ രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ വെച്ച് രാജേന്ദ്ര ആര്‍ലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവന്‍ എന്നാക്കണം എന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. ഭരണാധികാരിയുടെ വസതി എാണ് രാജ്ഭവന്‍ എന്ന പേരിന്റെ അര്‍ത്ഥം. എന്നാല്‍ ലോക്ഭവനെന്നാല്‍ ജനങ്ങളുടെ വസതിയെന്നാണ് അര്‍ത്ഥം.

രാജ്ഭവനുകളെ കൂടുതല്‍ ജനകീയമാക്കി സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ സാന്നിധ്യം ശക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ നീക്കം. ബ്രിട്ടീഷ് കൊളോണിയല്‍ പൈതൃകം പേറുന്നതാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാജ്ഭവന്‍ എന്ന പേര് മാറ്റുന്നത്. നവംബര്‍ 25 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനുകളുടെ പേര് മാറ്റണം എന്ന് നിര്‍ദേശിച്ച് വിജ്ഞാപനമിറക്കിയത്.
ഇത് പ്രകാരം രാജ്യത്തെ രാജ്ഭവനുകളും രാജ് നിവാസുകളും (ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതി) ലോക്ഭവന്‍, ലോക് നിവാസ് എന്നിങ്ങനെ പേര് മാറ്റണം. സിവി ആനന്ദ ബോസ് ഗവര്‍ണറായിരിക്കുന്ന പശ്ചിമബംഗാളിലെ കൊല്‍ക്കത്തയിലെയും ഡാര്‍ജിലിംഗിലെയും രാജ്ഭവനുകള്‍ ഇതിനോടരം പേര് മാറ്റിയിട്ടുണ്ട്. പേര് മാത്രമല്ല, എല്ലാ ഔദ്യോഗിക രേഖകളും ലെറ്റര്‍ഹെഡുകള്‍, ഗേറ്റുകളിലെ നെയിംപ്ലേറ്റുകള്‍, വെബ്സൈറ്റുകള്‍ തുടങ്ങിയവയിലും പേര് മാറ്റം പ്രതിഫലിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് എല്ലാ സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാര്‍ ഏകകണ്ഠമായി പിന്തുണ നല്‍കി. തുടര്‍ന്നാണ് കേന്ദ്രം ഈ നീക്കത്തിന് ഔദ്യോഗിക അംഗീകാരം നല്‍കിയത്.ച കൊല്‍ക്കത്തയില്‍, രാജ്യവ്യാപകമായ പരിവര്‍ത്തനത്തിന്റെ തുടക്കത്തിന്റെ പ്രതീകമായി, രാജ്ഭവനിലെ പഴയ നാമഫലകം നീക്കം ചെയ്യുന്നതിന് ഗവര്‍ണര്‍ സിവി ആനന്ദ ബോസ് തന്നെ നേരിട്ട് മേല്‍നോട്ടം വഹിച്ചു.
പശ്ചിമ ബംഗാളിലെ രാജ്ഭവന് ചരിത്രപരമായി വലിയ പ്രാധാന്യമുണ്ട്. 1803 ല്‍ നിര്‍മ്മിച്ച രാജ്ഭവന്‍ പിന്നീട് ഗവണ്‍മെന്റ് ഹൗസ് എന്നറിയപ്പെട്ടു. 1911-ല്‍ തലസ്ഥാനം ഡല്‍ഹിയിലേക്ക് മാറുന്നതുവരെ കുറഞ്ഞത് 23 ഗവര്‍ണര്‍ ജനറല്‍മാരും വൈസ്രോയിമാരും ഈ വീട്ടില്‍ താമസിച്ചിരുന്നു. പിന്നീട്, ബംഗാളിലെ ലെഫ്റ്റനന്റ് ഗവര്‍ണറുടെ (എല്‍ജി) ഔദ്യോഗിക വസതിയായി ഇത് മാറി. നിലവില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ ഓഫീസ്-കം-റെസിഡന്‍സായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു.












Click it and Unblock the Notifications