ജനസമ്മിതി വീണ്ടും കൂടി, ലക്ഷത്തിലേറെ വോട്ട്- ‘നോട്ട’ക്ക് നേട്ടം
2021ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്തി 'നോട്ട’യും ശ്രദ്ധേയമായി. ഇത്തവണ കേരളത്തിൽ 'നോട്ട’ നേടിയത് ഒന്നേകാൽ ലക്ഷത്തോളം വോട്ടാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 98,034 പേരാണ് 'നോട്ട’ക്ക് കുത്തിയത്. ഇത്തവണ ഒരു സ്ഥാനാർഥിയോടും തൽപര്യമില്ലെന്നറിയിച്ച് 'നോട്ട’ക്ക് വോട്ട് ചെയ്തത് 1,23,734 പേരാണ്. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 25,700 വോട്ട് കൂടുതൽ.
ഒരു മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയും രണ്ടിടത്ത് യുഡിഎഫ് സ്ഥാനാർഥികളും തോറ്റത് 'നോട്ട’ പിടിച്ചതിനേക്കാൾ കുറഞ്ഞ വോട്ടിനാണ്. 'നോട്ട’ക്ക് രണ്ടായിരത്തിലധികം വോട്ട് കിട്ടിയ മണ്ഡലങ്ങളുമുണ്ട്. സംസ്ഥാനത്ത് പോൾ ചെയ്ത വോട്ടിന്‍റെ 0.58 ശതമാനമാണ് ഇത്തവണ 'നോട്ട’ സ്വന്തമാക്കിയത്. ഭൂരിപക്ഷത്തിൽ റെക്കോഡിട്ട പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിച്ച മലപ്പുറമടക്കം 40 മണ്ഡലങ്ങളിൽ 'നോട്ട’ക്ക് ആയിരത്തിലധികം വോട്ടുണ്ട്.

ഇതിൽ മഞ്ചേരിയിലാണ് ഏറ്റവും കൂടുതൽ -3,319. നിലമ്പൂരിൽ 2,672 പേർ 'നോട്ട’ക്ക് കുത്തി. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ എന്നിങ്ങനെ വയനാട് ജില്ലയിലെ മൂന്ന് മണ്ഡലത്തിലും 'നോട്ട’ ആയിരത്തിലധികം വോട്ട് നേടി. മണലൂർ, അഴീക്കോട്, കഴക്കൂട്ടം മണ്ഡലങ്ങളിൽ വിജയിയുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടും 'നോട്ട’ക്ക് ലഭിച്ചു. മണലൂരിൽ ടി.എൻ. പ്രതാപൻ 126 വോട്ടിന് തോറ്റപ്പോൾ 'നോട്ട’ക്ക് ലഭിച്ചത് 676 വോട്ട്. മുസ്ലിം ലീഗ് സ്ഥാനാർഥി കരീം ചേലേരി 349 വോട്ടിന് തോറ്റ അഴീക്കോട്ട് 'നോട്ട’ 576 വോട്ട് പിടിച്ചു. കടകംപള്ളി സുരേന്ദ്രൻ 428 വോട്ടിന് തോറ്റ കഴക്കൂട്ടത്ത് 981 പേരാണ് 'നോട്ട’യെ തെരഞ്ഞെടുത്തത്.
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും സ്ഥാനാർഥികളുടെയും മുന്നണികളുടെയും നെഞ്ചിടിപ്പേറ്റുന്ന 'നോട്ടപ്പുള്ളി’യാണ് 'നോട്ട’. ഒരു സ്ഥാനാർഥിയോടും താൽപര്യമില്ലാത്ത വോട്ടർക്ക് തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്താൻ വോട്ടുയന്ത്രത്തിൽ ഉൾപ്പെടുത്തിയ ബട്ടണാണ് 'നോട്ട’ എന്ന 'നൺ ഓഫ് ദി എബൗ’. തന്റെ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ ആരോടും താൽപര്യമില്ലെന്ന് വോട്ടർക്ക് പ്രഖ്യാപിക്കാനുള്ള അവസരമാണ് ഈ ബട്ടൺ നൽകുന്നത്. പേരും ചിഹ്നവുമൊന്നുമില്ലെങ്കിലും 'ലക്ഷം ലക്ഷം പിന്നാലെ’ എന്ന പ്രശസ്ത മുദ്രാവാക്യം ഓർമിപ്പിക്കുന്ന ജനപ്രീതിയാണ് ഓരോ തെരഞ്ഞെടുപ്പിലും 'നോട്ട’ക്ക് ലഭിക്കുന്നത്.
2013ലാണ് തെരഞ്ഞെടുപ്പ് കമീഷൻ 'നോട്ട’ സംവിധാനം ഏർപ്പെടുത്തുന്നത്. ശേഷം 2016ൽ കേരളത്തിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലായി 1,07,245 വോട്ടർമാർ (ആകെ പോൾ ചെയ്ത വോട്ടിന്‍റെ 0.53 ശതമാനം) 'നോട്ട’ക്ക് വോട്ട് ചെയ്തു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 1,03,596 പേർ 'നോട്ട’ക്ക് കുത്തി.
2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ആയപ്പോൾ 'നോട്ട’യുടെ ജനസമ്മിതി ഇത്തിരി ഇടിഞ്ഞു. 98,034 പേരാണ് അന്ന് 'നോട്ട’ക്ക് വോട്ട് ചെയ്തത്. 'നോട്ട’ അപ്രസക്തമായെന്ന് വിലയിരുത്തി വരുന്നതിനിടെ, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ശക്തമായ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്. 1,58,456 പേരാണ് തങ്ങൾക്ക് 'നോട്ട’ മതി എന്ന് തീരുമാനിച്ചത്.
2021ലെ കണക്കെടുത്താൽ ഒരു മണ്ഡലത്തിൽ ശരാശരി 700 പേർ 'നോട്ട’ക്കൊപ്പം നിന്നാതായി കാണാം. ജില്ലകൾ താരതമ്യം ചെയ്യുമ്പോഴാകട്ടെ, 'നോട്ട’ക്ക് കിട്ടിയ വോട്ടുശരാശരി 2,313 ആണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 'നോട്ട’ക്ക് ഏറ്റവും കൂടുതൽ വോട്ടുകിട്ടിയത് തലശ്ശേരി മണ്ഡലത്തിലാണ്- 2,313. കളമശ്ശേരി (1,518), ചിറ്റൂർ (1,285), മഞ്ചേരി (1,202), സുൽത്താൻ ബത്തേരി (1,160) എന്നിവയാണ് തൊട്ടുപിന്നിൽ.
ഏറ്റവും കുറവ് കൊടുവള്ളി മണ്ഡലത്തിലായിരുന്നു-269. കുറ്റ്യാടി (296), നാദാപുരം (316), താനൂർ (336), പൂഞ്ഞാർ (345) എന്നിവയാണ് പട്ടികയിൽ പിന്നിലുള്ള മറ്റു മണ്ഡലങ്ങൾ. കാസർകോട്-2,655, കണ്ണൂർ- 8,028, വയനാട്- 2,785, കോഴിക്കോട്-6,622, മലപ്പുറം-11,049, പാലക്കാട്- 9,735, തൃശൂർ- 10,215, എറണാകുളം-10,958, ഇടുക്കി-3,246, കോട്ടയം-5,158, ആലപ്പുഴ-5,619, പത്തനംതിട്ട-2,580, കൊല്ലം-7,864, തിരുവനന്തപുരം-11,520 എന്നിങ്ങനെയാണ് 2021ൽ ജില്ല തിരിച്ചുള്ള 'നോട്ട’യുടെ നേട്ടം.
ലോക്സഭ തെരഞ്ഞെടുപ്പുകൾ താരതമ്യം ചെയ്യുമ്പോൾ 2019നെ അപേക്ഷിച്ച് 2024ൽ കേരളത്തിലെ 20 മണ്ഡലങ്ങളിൽ 19ലും 'നോട്ട’ വോട്ടുകളിൽ വലിയ വർധനവുണ്ടായി. 2019ൽ 1,03,596 ആയിരുന്നത് 2024ൽ 1,58,456 ആയി. ഏകദേശം 52.95 ശതമാനമാണ് വർധന. ആലത്തൂർ (12,033), കോട്ടയം (11,933) മണ്ഡലങ്ങളിലാണ് 2024ൽ കൂടുതൽ പേർ 'നോട്ട’ക്ക് കുത്തിയത്. 2019നെ അപേക്ഷിച്ച് വർധന ഏറ്റവും കൂടുതൽ വയനാട്ടിലാണ്-224.77 ശതമാനം.
2,155ൽ നിന്ന് 6,999 ആയാണ് ഉയർന്നത്. വടകര മാത്രമാണ് മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് താഴെപ്പോയ ഏക മണ്ഡലം. ഇവിടെ 2019ൽ 3,415 വോട്ടുകൾ 'നോട്ട’ക്ക് ഉണ്ടായിരുന്നത് 2024ൽ 2,909 ആയി കുറഞ്ഞു. 18 മണ്ഡലങ്ങളിലും പ്രധാന മൂന്ന് മുന്നണികൾക്ക് പിന്നിലായി നാലാം സ്ഥാനത്താണ് നോട്ട എത്തിയത്.












Click it and Unblock the Notifications