Get Updates
Get notified of breaking news, exclusive insights, and must-see stories!

'സാഹിത്യത്തെ രക്ഷിക്കാനോ കവിതയെ രക്ഷിക്കാനോ ഇറങ്ങിത്തിരിച്ച ആളല്ല ഞാൻ'; ക്വീർ കവി ആദി പറയുന്നു

യുവ കവിയും ക്വീർ ആക്ടിവിസ്റ്റുമായ ആദിയുടെ 'പെണ്ണപ്പൻ' എന്ന കവിതാ സമാഹാരം സാ​ഹിത്യ അക്കാദമി അവാർഡ് നേടിയിരിക്കുകയാണ്. യുവ കവിത വിഭാ​ഗത്തിലാണ് ആദിയുടെ 'പെണ്ണപ്പൻ' പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്. കാലിക്കറ്റ്, എം ജി സർവകലാശാലകളുടെ സിലബസുകളിൽ പെണ്ണപ്പൻ ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ അവാർഡ് നേട്ടത്തെക്കുറിച്ചും സർവകലാശാലകളുടെ സിലബസുകളിൽ 'പെണ്ണപ്പൻ' ഉൾപ്പെടുത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന വിമർശനങ്ങളെക്കുറിച്ചുമൊക്കെ വൺഇന്ത്യ മലയാളത്തോട് സംസാരിക്കുകയാണ് ആദി.

aadhi

ആദി എങ്ങനെയാണ് ഈ അവാർഡിനെ നോക്കിക്കാണുന്നത്? ക്വീർ കവി എന്ന നിലയിൽ ഈ അവാർഡിന്റെ രാഷ്ട്രീയ പ്രാധാന്യം എത്രത്തോളം ആണ്?

അവാർഡിനെ വളരെ സന്തോഷത്തോടെയാണ് നോക്കിക്കാണുന്നത്. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയ അവാർഡ് കിട്ടുന്നത്. അതും ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല സാഹിത്യ അക്കാദമിയുടെ ഒരു അവാർഡിൽ ഇടം കിട്ടുമെന്ന്. അതുകൊണ്ട് തന്നെ അത് തരുന്ന സന്തോഷം വളരെ വലുതാണ്.

അതുപോലെ തന്നെ ആദ്യമായിരിക്കും മലയാള സാഹത്യ ചരിത്രത്തിൽ തുറന്നുപറഞ്ഞ ക്വീർ ആയിട്ടുള്ള വ്യക്തി ഈ രീതിയിൽ പുരസ്‌ക്കരിക്കപ്പെടുന്നത്. അതിന് വളരെ ചരിത്രപരമായിട്ടുള്ള പ്രാധാന്യം കൂടിയുണ്ട്. ചരിത്ര മുഹൂർത്തത്തിന്റെ ഭാഗമായതിൽ സ്വാഭാവികമായിട്ടുള്ള സന്തോഷമുണ്ട്.

സാഹിത്യം പൊതുവെ ചില പ്രത്യേക ആളുകൾക്ക് മേൽക്കൈ ഉള്ള സ്ഥലമായിട്ടാണ് നിലനിൽക്കുന്നത്. സ്ത്രീകൾ എഴുതിത്തുടങ്ങുന്ന സമയത്ത് പോലും ഒരുപാട് പ്രശ്‌നങ്ങളേയും തടസ്സങ്ങളേയും നേരിട്ട് കൊണ്ടാണ് അവർ മുന്നോട്ട് വരുന്നത്. കവിതയിൽ ആണെങ്കിൽ പോലും, ഇപ്പോൾ പോലും കവിതയെക്കുറിച്ച് നടക്കുന്ന ചർച്ചകൾ കണ്ടാൽ മനസ്സിലാവും, എന്തിനാണ് നമ്മൾ സ്ത്രീകളുടെ കവിത എന്ന് പറയുന്നത്, ദളിത് കവിത എന്ന് പറയുന്നത് ഇങ്ങനെയുള്ള കുറെ ആശങ്കകൾ മുഖ്യധാര സാഹിത്യത്തിൽ ഇടപെടുന്നവർക്കുണ്ട്.

ആ രീതിയിൽ സാഹിത്യത്തെ ഇത്രയും കാലം കയ്യടക്കി വെച്ചിരുന്ന ഉപരി വർഗം, ഉപരിവർഗം എന്ന് പറയുന്നത് സാമ്പത്തികമായ അർത്ഥത്തിൽ മാത്രമല്ല, സാംസ്‌ക്കാരിക മൂലധനമൊക്കെ ഉള്ള ആളുകൾ, അത്തരം സ്‌പേയ്‌സുകളിലേക്ക് നമ്മളെ പോലെയുള്ള ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ആളുകൾ കടന്നുവരുന്ന സമയത്ത് പ്രത്യേകിച്ച് ക്വീർ, വളരെ അടുത്ത കാലത്ത് മാത്രം ദൃശ്യത ലഭിക്കുന്ന, നിയമപരമായിട്ടുള്ള അംഗീകാരം ലഭിക്കുന്ന സ്വത്വങ്ങളിലുള്ള മനുഷ്യർ കടന്നുചെല്ലുന്ന സമയത്ത് അതിന്റെ രാഷ്ട്രീയ പ്രാധാന്യം കൂടുതലാണ്.

ADHI

മലയാള സാഹിത്യ ചരിത്രം എടുത്ത് നോക്കുകയാണെങ്കിൽ വിജയരാജ മല്ലിക മാത്രമാണ്. ട്രാൻസ്‌ജെന്റർ കവി എന്ന നിലയിൽ നമ്മൾ ഇപ്പോൾ മനസ്സിലാക്കപ്പെടുന്നത്. മുൻമാതൃകൾ ഒന്നും ഇല്ലാതെയാണ് സാഹിത്യത്തിലേക്ക് ഞാനൊക്കെ ഇറങ്ങിത്തിരിക്കുന്നത്. അത് മാത്രമല്ല അവാർഡ് കിട്ടാൻ വേണ്ടിയൊന്നുമല്ല എഴുതിയിരുന്നത്. ഭാഷയിൽ ഇടംകിട്ടാത്ത മനുഷ്യരാണ് ഞങ്ങൾ. ഞാൻ ജീവിച്ച ജീവിതത്തെ ഭാഷയിലൂടെ അടയാളപ്പെടുത്തുക എന്ന ശ്രമത്തിന്റെ ഭാഗമായാണ് എഴുതിത്തുടങ്ങിയത്.

അത് ഒരുപാട് മനുഷ്യർക്ക് റിലേറ്റ് ചെയ്യാൻ പറ്റി. അതിന് വായനക്കാർ ഉണ്ടായി അതിന് സ്വീകാര്യത ഉണ്ടായി. ആ രീതിയിൽ കൂടി അതിന് പ്രാധാന്യമുണ്ട്. ഇതുവരെ ഭാഷയിൽ ഇല്ലാത്ത അനുഭവങ്ങൾ ഭാഷയിലേക്ക് തെളിഞ്ഞുവരുന്നു എന്ന പ്രാധാന്യം ഉണ്ട്. ഒരുപാട് ക്വീർ ആയിട്ടുള്ള സുഹൃത്തുക്കൾ വിളിച്ചു. അവർ സന്തോഷം പങ്കുവെച്ചു. ഇത് ക്വീർ കമ്യൂണിറ്റിക്ക് മൊത്തം കിട്ടുന്ന നേട്ടം ആയിട്ടാണ് ഞങ്ങൾ ഇതിനെ മനസ്സിലാക്കുന്നത്. എന്റെ അങ്ങേയറ്റത്തെ വ്യക്തിപരമായ വിജയം എന്നതിലുപരിയായിട്ട് സാഹിത്യത്തിന്റെ മേഖലയിൽ നമ്മളെ പോലെയുള്ള മനുഷ്യർക്ക് കിട്ടുന്ന വലിയ നേട്ടം, അംഗീകാരമായിട്ടാണ് ഞങ്ങളതിനെ കാണുന്നത്

'പെണ്ണപ്പൻ' കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെയും എം ജി യൂണിവേഴ്‌സിറ്റിയുടെയും സിലബസിൽ ഉൾപ്പെടുത്തിയപ്പോൾ ചില കോണുകളിൽ നിന്നും വിമർശനം ഉയർന്നുവന്നിരുന്നല്ലോ. അത്തരം വിമർശനങ്ങളോട് ആദിക്ക് പറയാനുള്ള മറുപടി എന്താണ്?

എഴുതിത്തുടങ്ങുന്ന സമയത്ത് തന്നെ നമ്മൾ ഓഡിറ്റിംഗിന് വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്. അത് ഞാൻ മാത്രമല്ല പുതിയ തലമുറയിൽ എഴുതിക്കൊണ്ടിരിക്കുന്ന, ഈ രീതിയിൽ സാഹിത്യത്തിന്റെയൊന്നും പരിസരത്ത് നിന്ന് വരാത്ത, മുഖ്യധാര സാഹിത്യ കാമ്പുകളുടെയൊന്നും ഭാഗമാകാത്ത പുതിയ എഴുത്തുകാരെ സംബന്ധിച്ച് വലിയ വെല്ലുവിളികൾ ഉണ്ട്.

നമ്മൾ തെറിച്ചുനിൽക്കുന്ന, എഴുത്തിന്റെയോ വായനയുടെയോ ഒന്നും വലിയ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത മനുഷ്യരാണ്. ഒന്നാം തലമുറ വിദ്യാഭ്യാസം നേടുന്ന ആളുകളാണ്, ആ രീതിയിൽ ഒരുപാട് അടിച്ചമർത്തപ്പെടലുകൾക്കിടയിൽ നിന്നാണ് നമ്മൾ ഉയർന്നുവരുന്നത്.

ഇതുവരേയും ഇവരൊക്കെ അടക്കിവാണിരുന്ന ഇടങ്ങളിലേക്ക് നമ്മൾ കടന്നുവരുന്ന സമയത്ത് ഉണ്ടാകുന്ന ഞെട്ടലും ആശങ്കകളും ആകുലകളുമൊക്കെ ആയിട്ടാണ് ഞാൻ അതിനെ കാണുന്നത്. അവരുടെ കസേരകൾ ഉലയുന്നു, ആ ഒരു ഭീതിയിൽ നിന്ന് ഉണ്ടാകുന്ന അസഹിഷ്ണുതയായിട്ടെ എനിക്കതിനെ തോന്നിയിട്ടുള്ളൂ.

എം ജിയിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും സിലബസിൽ ഉൾപ്പെടത്തിയതിന്റെ ഭാഗമായിട്ടാണെങ്കിലും ഈ അവാർഡ് കിട്ടിയതിന്റെ ഭാഗമായിട്ടാണെങ്കിലും സോഷ്യൽ മീഡിയിൽ ഈ രീതിയിൽ ചെറിയ ചെറിയ മുറുമുറുപ്പുകൾ ഉണ്ടാവുന്നുണ്ട്. ഞാൻ അതിനെ ആ രീതിയിലെ കാണുന്നുള്ളൂ.

അവർ പറയുന്നത് ഇത് കവിതയാണോ, കവിത ഇങ്ങനെയാണോ അങ്ങനെയുള്ള ബാലിശമായ വാദങ്ങളാണ്. ഞാൻ എഴുതുന്നത് കവിതയാണെന്നോ ഞാൻ കവിയാണെന്നോ എന്ന ലേബലൊന്നും ഒരുകാലത്തും ഞാൻ ആഗ്രഹിച്ചിട്ടില്ല, അവാർഡും ഞാൻ ആഗ്രഹിച്ചിട്ടില്ല. സാഹിത്യത്തെ രക്ഷിക്കാനോ കവിതയെ രക്ഷിക്കാനോ ഇറങ്ങിത്തിരിച്ച ആളല്ല ഞാൻ. അതുകൊണ്ട് തന്നെ സാഹിത്യത്തോട് ആ മട്ടിൽ എനിക്ക് പ്രതിബദ്ധതയൊന്നുമില്ല, എൻ്റെ പ്രതിബദ്ധത മനുഷ്യരോടാണ്, എന്നോട് തന്നെയാണ്.

എഴുതുന്ന സമയത്ത് എനിക്ക് പൈസ കിട്ടുന്നു എന്നുള്ള വളരെ സ്വാർത്ഥമായിട്ടുള്ള എന്റെ അതിജീവനത്തിനുള്ള, എന്റെ വളരെ ദൈനംദിന ആവശ്യത്തെ തൃപ്തിപ്പെടുത്താനുള്ള ഉപായമെന്ന തരത്തിൽ മാത്രമെ ഞാൻ എഴുത്തിനെ കാണുന്നുള്ളൂ. അല്ലാതെ എന്തെങ്കിലും പ്രതിഭയുള്ള ആളോ, ജന്മസിദ്ധമായി എഴുതാനുള്ള ശേഷി ഉള്ള ആളോ ഒന്നുമല്ല ഞാൻ. അങ്ങനെയുള്ള സാഹചരത്തിൽ നിന്ന് വരുന്ന ആളേയല്ല ഞാൻ. കഷ്ടപ്പെട്ട് പഠിച്ചെടുത്ത് എന്റെ സാഹചര്യങ്ങൾ കൊണ്ടാണ് എഴുത്തിന്റെ മേഖലയിലേക്ക് ഞാൻ എത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവർ പറയുന്ന പ്രതിഭയോ, കാവ്യ ഗുണങ്ങളോ ഒന്നും എന്റെ എഴുത്തിൽ പ്രതീക്ഷിക്കേണ്ട കാര്യമേയില്ല.

പെണ്ണപ്പൻ, ദായമക്കൈ എന്നിങ്ങനെ പല വാക്കുകളും ആദിയുടെ കവിതയിൽ കാണാൻ സാധിക്കും. മലയാള സാഹിത്യത്തിൽ അത്രമാത്രം കണ്ടുപരിചയമില്ലാത്ത ഇത്തരം വാക്കുകളിലേക്ക് എങ്ങനെയാണ് എത്തപ്പെട്ടത്?

കുറെക്കൂടി ഞാൻ എന്റെ വീട്ടിൽ ഉപയോഗിക്കുന്ന വാക്കുകൾ, വ്യാകരണ വിരുദ്ധമായിട്ടുള്ള, അക്ഷരത്തെറ്റുകൾ എന്ന മട്ടിൽ മനസ്സിലാക്കപ്പെടുന്ന, വാമൊഴിയുടെ സ്വഭാവമുള്ള വാക്കുകളാണ് 'പെണ്ണപ്പൻ' എന്ന കവിതാ സമാഹാരത്തിലുള്ളത്. 'പെണ്ണപ്പൻ' എന്ന കവിതാ സമാഹരത്തിലെ കവിതകൾ എന്നു പറയുന്നത് ഞാൻ കോവിഡിന്റെ സമയത്ത് സോഷ്യൽ മീഡിയയിൽ എഴുതുന്ന എഴുത്തുകൾ ചേർത്താണ് പുസ്തകം ചെയ്തത്.

അതിന്റേതായിട്ടുള്ള എല്ലാ പരിമിതികളും ആ സമാഹാരത്തിന് ഉണ്ടാവും. എഴുത്തിനെ ഞാൻ കുറെക്കൂടി ശ്രദ്ധയോടെ കാണുന്നത്, അതിനകത്ത് കൂടുതൽ പുതുക്കലുകൾ നടത്തണമെന്ന രണ്ടാം ഘട്ടത്തിലേക്ക് വരുന്ന സമയത്താണ് നമ്മുടെ തന്നെ ക്വിയർ കമ്യൂണിറ്റിക്ക് അകത്തെ ഭാഷാപ്രയോഗങ്ങൾ,ഹിജറ കമ്യൂണിറ്റിക്കകത്തെ വാക്കുകളാക്കെ ആയി എനിക്ക് പരിചയം ഉണ്ടാകുന്നത്.

അതിന്റെ ഭാഗമായിട്ടാണ് ദായമക്കൈ എന്ന വാക്കുകളുടെ ഉപയോഗം. ഹിജ്റ സമൂഹത്തിനകത്തെ കോത്തി ഭാഷ എന്നൊരു ഭാഷയുണ്ട്. ഇന്ത്യയിൽ ഉടനീളമുള്ള ഹിജറ കമ്യൂണിറ്റി ഉപയോഗിക്കുന്ന ഒരു രഹസ്യഭാഷയാണിത്. അത്തരം വാക്കുകൾ എങ്ങനെയാണ് കവിതയിൽ ഉപയോഗിക്കാൻ പറ്റുക എന്ന ആലോചനയുടെ ഭാഗമായിട്ടാണ് ഈ മട്ടിലുള്ള, മുഖ്യധാരയ്ക്ക് പരിചയമില്ലാത്ത വാക്കുകളെ കവിതയിൽ ഉപയോഗിച്ച് തുടങ്ങുന്നത്.

എന്റെയൊരു അക്കാദമിക് ആയിട്ടുള്ള ആലോചനയുടെ ഭാഗമായി, ഈ വാക്കുകളോട് അടുപ്പം വന്നതിന്റെ ഭാഗമായിട്ടാണ്. കവിതയിൽ അത് ബോധപൂർവ്വം ഉപയോഗിക്കുന്നതാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല, ആദി പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+