'സമാധി' വിവാദത്തില്‍ ഗോപന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ഹൃദയ വാല്‍വില്‍ ബ്ലോക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ നെയ്യാറ്റിന്‍കര സമാധി വിവാദത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പിതാവിനെ മക്കള്‍ സമാധിയിരുത്തിയതായി അവകാശപ്പെട്ട ദുരൂഹ സംഭവത്തിലാണ് നെയ്യാറ്റിന്‍കര ആറാലുംമൂട് ഗോപന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നത്.
ഹൃദയ വാള്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രമേഹം ബാധിച്ച് കാലുകളില്‍ മുറിവുമുണ്ടായിരുന്നു. മുറിവില്‍ അണുബാധയുണ്ടായിട്ടുണ്ട്.

മരണത്തില്‍ അസ്വഭാവികതയില്ലെന്ന പ്രാഥമിക റിപ്പോര്‍ട്ടിനെ പിന്നാലെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. അതേസമയം, ഈ അസുഖങ്ങള്‍ ഗോപന്റെ മരണത്തിന് കാരണമായോ എന്നറിയാന്‍ ആന്തരിക അവയവ പരിശോധനാ ഫലങ്ങള്‍ കൂടി വരണമെന്നാണ് ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനായുള്ള കാത്തിരിപ്പിലാണ് പൊലീസ്. ശ്വാസകോശത്തില്‍ എന്തെങ്കിലും കടന്നിട്ടോ എന്നറിയാനാണ് കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത്.
മരണവിവരം ആരെയും അറിയിക്കാതെ മക്കള്‍ കല്ലറയില്‍ അടക്കം ചെയ്ത പിതാവിന്റെ മൃതദേഹം കഴിഞ്ഞ ജനുവരി 16 നാണ് തുറന്ന് പുറത്തെടുത്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് നെയ്യാറ്റിന്‍കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് സബ് കലക്ടറുടെ നേതൃത്വത്തില്‍ കല്ലറ തുറന്ന് ഇരിക്കുന്ന നിലയിലായിരുന്ന മൃതദേഹം പുറത്തെടുത്തത്. മൃതദേഹത്തിനു ചുറ്റും നെഞ്ചു വരെ ഭസ്മവും കര്‍പ്പൂരവും സുഗന്ധദ്രവങ്ങളും വിതറിയിരുന്നു.
കല്ലറ പൊളിക്കുന്നതിനെതിരേ ഗോപന്റെ ഭാര്യയും മക്കളും രംഗത്തുവന്നത് സംഭവസ്ഥലത്ത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. പിതാവിന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹത്തെ സമാധി ഇരുത്തിയതെന്നായിരുന്നു മക്കളുടെ വിചിത്ര വാദം.
കുടുംബാംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചത്. കല്ലറ പൊളിക്കുന്നതിനെതിരേ ഗോപന്റെ ഭാര്യയും രണ്ട് ആണ്‍മക്കളും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു.
വീടിനു സമീപമുള്ള ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഗോപന്‍ സ്വാമി. പിതാവ് സമാധിയായതായി മക്കള്‍ പോസ്റ്റര്‍ പതിച്ചതോടെയാണ് മരണ വിവരം നാട്ടുകാര്‍ അറിയുന്നത്. തുടര്‍ന്നാണ് കേരളത്തെ ആകാംക്ഷയിലാഴ്ത്തിയ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.












Click it and Unblock the Notifications