കലോത്സവം: കാല്‍നൂറ്റാണ്ടിന് ശേഷം കപ്പുയർത്തി തൃശൂർ; ഒരു പോയിന്റിന്റെ ലീഡ് മാത്രം; നാളെ സ്കൂള്‍ അവധിയുണ്ടോ?
തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വർണ്ണക്കപ്പ് നേടി തൃശൂർ. കാല്‍നൂറ്റാണ്ടിന് ശേഷമാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തൃശൂർ ജില്ല മുത്തമിടുന്നത്. പാലക്കാട് രണ്ടാമതും കണ്ണൂർ മൂന്നാം സ്ഥാനത്തുമെത്തി. ഒന്നാം സ്ഥാനത്ത് എത്തിയ തൃശൂരിന് 1008 പോയിന്റും രണ്ടാം സ്ഥാനക്കാരായ പാലക്കാടിന് 1007 പോയിന്റുമാണുള്ളത്. കണ്ണൂരിന് 1003 പോയിന്റും ലഭിച്ചു.
കിരീടത്തിനായി അവസാന നിമിഷം വരെ ഇഞ്ചോടിച്ച് പോരാട്ടമായിരുന്നു. ഹയർസെക്കന്‍ഡറി വിഭാഗത്തിലെ ഇംഗ്ലീഷ് സ്കിറ്റ് മത്സരത്തിലെ വിജയമാണ് കിരീട ജേതാക്കളെ നിശ്ചയിച്ചത്. മത്സരത്തില്‍ എ ഗ്രേഡോ അല്ലെങ്കില്‍ ബി ഗ്രേഡോ ലഭിച്ചാലും തൃശൂരിന് കിരീടം ഉറപ്പായിരുന്നു. രണ്ടും അല്ല സി ഗ്രേഡാണ് ലഭിക്കുന്നതെങ്കില്‍ കപ്പ് പാലക്കാടേക്ക് പോകും. ഒടുവില്‍ ഫലം പുറത്ത് വന്നപ്പോള്‍ പാലക്കാടിന് എ ഗ്രേഡും തൃശൂരിന് ബി ഗ്രേഡും ലഭിച്ചു. ഇതോടെ പാലക്കാടിനെ ഒരു പോയിന്റിന് മറികടന്ന് തൃശൂർ കപ്പ് ഇങ്ങ് എടുത്തു.

മറ്റ് ജില്ലകളുടെ പോയിന്റ് നില
കോഴിക്കോട് - 1000, മലപ്പുറം - 980, എറണാകുളം - 980, കൊല്ലം - 964, തിരുവനന്തപുരം - 957, ആലപ്പുഴ - 953, കോട്ടയം - 924, കാസർകോട് - 913, വയനാട് - 895, പത്തനംതിട്ട - 848, ഇടുക്കി - 817 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില. ഹൈസ്കൂള്‍ വിഭാഗത്തില്‍ 482 പോയിന്റുമായി തൃശൂരും പാലക്കാട് ഒന്നാമത് നില്‍ക്കുമ്പോള്‍ രണ്ടാമതുള്ള കണ്ണൂരിന് 479 ഉം മൂന്നാമതുള്ള കോഴിക്കോടിന് 478 പോയിന്റുമാണുള്ളത്. ഹയർസെക്കന്‍ഡറി വിഭാഗത്തില്‍ തൃൂശൂർ 526 പോയിന്റുമായി മുന്നിട്ട് നില്‍ക്കുന്നു. പാലക്കാട് - 525, കണ്ണൂർ - 524, കോഴിക്കോട് - 522 എന്നിങ്ങനെയാണ് ഈ വിഭാഗത്തില്‍ ആദ്യ മൂന്നിലുള്ള മറ്റ് ജില്ലക്കാരുടെ പോയിന്റെ നില.
സ്കൂള്‍ വിഭാഗത്തില്‍ ഗുരുകുലം
സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ പന്ത്രണ്ടാം തവണയും ഒന്നാം സ്ഥാന നിലനിർത്തി. പാലക്കാടിന്റെ പോരാട്ടത്തില്‍ നിർണ്ണായക സംഭാവന നല്‍കിയ ഗുരുകുലും സ്കൂളിന് 171 പോയിന്റാണുള്ളത്. തിരുവനന്തപുരം കാർമെൽ ഹയർ സെക്കന്ററി സ്കൂൾ 116 പോയിന്റുമായി രണ്ടാം സ്ഥാനത്തും മാനന്തവാടി എം ജി എം എസ് എസ് 106 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.
അതേസമയം, സ്കൂള്‍ കലോത്സവത്തില്‍ കാല്‍നൂറ്റാണ്ടിന് ശേഷം കിരീടം തിരിച്ച് പിടിച്ചതോടെ ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിക്കുമോയെന്ന ചോദ്യവുമായി തൃശൂരിലെ വിദ്യാർത്ഥികളും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല.












Click it and Unblock the Notifications