'നവ്യയും അമ്പിളിയും മത്സരിച്ച ആ കലോത്സവം ഞാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്'; മന്ത്രി വീണാ ജോർജ്
അറുപത്തി മൂന്നാമത് കലോത്സവം നടക്കുന്നത് തിരുവനന്തപുരത്താണ്. കലോത്സവത്തിന്റെ ആവേശത്തിലാണ് നഗരം, സ്വർണക്കപ്പിനായുള്ള ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. മത്സരങ്ങളുടെ ആവേശം മാത്രമല്ല കലോത്സവ നഗരിയിൽ കാണാനാവുക.
പഴയകാലം യുവജനോത്സവ ഓർത്തെടുക്കുന്ന പ്രതിഭകളെയും കലോത്സവ വേദിയിൽ കാണാൻ സാധിക്കും. അത്തരത്തിൽ തന്റെ പഴയകാല യുവജനോത്സവ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് മന്ത്രി വീണ ജോർജ്. യുവജനോത്സവത്തിൽ പങ്കെടുത്ത ഓർമ്മകളും കലോത്സവം റിപ്പോർട്ട് ചെയ്ത ഓർമകളും മന്ത്രി ഓർത്തെടുത്തു.

92 ലെ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം ലഭിച്ചതിനെക്കുറിച്ചും മഞ്ജു വാര്യരുടെ നൃത്തത്തെക്കുറിച്ചും നവ്യാ നായരും അമ്പിളി ദേവിയും ഒരുമിച്ച് മത്സരിച്ച് ഏറെ ശ്രദ്ധ ലഭിച്ച കലോത്സവം റിപ്പോർട്ട് ചെയ്തതിനെക്കുറിച്ചുമൊക്കെ മന്ത്രി സംസാരിച്ചു.
''ഇവിടെ പന്തൽ ഉയർന്നത് മുതൽ അക്ഷരാർത്ഥത്തിൽ വേറൊരു മാനസികാവസ്ഥയിലാണ്. സ്‌കൂൾ ജീവിതം എന്ന് പറയുമ്പോൾ അതിന്റെ പകുതി കലോത്സവങ്ങളാണ്. 92 ലെ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം ലഭിക്കുമ്പോൾ അവസാന ദിവസം നമ്മുടെ ഒന്നാം സ്ഥാനം ലഭിച്ച പെർഫോമൻസുകൾ പ്രധാന വേദിയിൽ അവതരിപ്പിക്കും.
ആദ്യത്തെ പെർഫോമൻസ് യു വി മഞ്ജുവിന്റേതായിരുന്നു. യു വി മഞ്ജു എന്ന് പറയുന്നത് മഞ്ജു വാര്യർ. അന്നുവരെ നമ്മൾ കണ്ടിട്ടില്ലാത്ത വിധത്തിൽ അസാധാരണമായ പെർഫക്ഷനോട് കൂടി വളരെ ഭംഗയിയോടെ നൃത്തം ചെയ്യുന്ന കൊച്ചുപെൺകുട്ടി, അന്ന് ഞാൻ പത്താം ക്ലാസിലാണ്. അത് കഴിഞ്ഞായിരുന്നു എന്റെ മോണോ ആക്ട്, '' വീണാ ജോർജ് പറഞ്ഞു. നവ്യാ നായരും അമ്പിളി ദേവിയുംഒരുമിച്ചുണ്ടായ കലോത്സവം താൻ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വീണാ ജോർജ് മീഡിയാ വണ്ണിനോട് പറഞ്ഞു.
അതേ സമയം ഇന്ന് സ്കൂൾ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നാലാം ദിനമാണ്. കണ്ണൂരും തൃശൂരും പാലക്കാടും തമ്മിലാണ് വാശിയേറിയ മത്സരം. നിലവിൽ 713 പോയിന്റോടെ കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 708 പോയിന്റുമായി തൃശൂരും കോഴിക്കോടും പിന്നാലെയുണ്ട്. ഇന്ന് വട്ടപ്പാട്ട്, നാടൻ പാട്ട്, നാടകം, ചവിട്ട് നാടകം, മിമിക്രി, മോണോ ആക്ട് തുടങ്ങിയ ഇനങ്ങളാണ് വേദയിൽ എത്തുക.












Click it and Unblock the Notifications