'മോദിജി വന്നപ്പോള്‍ പാചകം തോക്കിന്‍ മുനയില്‍, ഇപ്പോള്‍ അതിലും ഭീകരമായ അവസ്ഥ'; പഴയിടം
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പാചക ജോലിയില്‍ നിന്ന് ഒഴിയുകയാണെന്ന് അറിയിച്ചതിന് പിന്നാലെ താന്‍ നേരിട്ട മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നുപറഞ്ഞ് പഴയിടം മോഹനന്‍ നമ്പൂതിരി. ഇപ്പോള്‍ താന്‍ ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ക്ക് ശേഷം രാത്രിയില്‍ ഉറങ്ങാതെ ഊട്ടുപുരയ്ക്ക് കാവലിരിക്കേണ്ട അവസ്ഥയാണെന്ന് പഴയിടം പറഞ്ഞു.

കേരളം ഇപ്പോള്‍ കടന്നുപോകുന്നത് വല്ലാത്ത അവസ്ഥയിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷണിച്ചുവരുന്ന കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതില്‍ പോലും ജാതീയതുടെ വിഷം കുത്തിവച്ചത് തെറ്റായ നടപടിയായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. ഈ ഒരു സാഹതര്യത്തില്‍ നിന്നുകൊണ്ട് അടുക്കളയില്‍ ഇത്ര നാളുണ്ടായ സ്വാതന്ത്ര്യം എനിക്ക് നഷ്ടപ്പെട്ടെന്ന ബോധ്യതയില്‍ സ്വയം എത്തിയിട്ടുണ്ടെന്ന് പഴയിടം പറഞ്ഞു.

ഇതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിജി വന്നപ്പോള്‍ തോക്കിന്‍ മുനയിലാണ് പാചകം ചെയ്തത്. ഇപ്പോള്‍ അതിലൂം ഭീകരമായ അവസ്ഥയാണ്. ആ ഒരു അവസ്ഥയിലേക്ക് ഇനിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്രയും കാലം നിധിപോലെയാണ് കലോത്സവങ്ങളിലെ അടുക്കളകള്‍. എന്നാല്‍ പുതിയ കാലത്തിന്റെ വൈതാളികള്‍ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തുമ്പോള്‍ ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

കലോത്സവത്തിന്റെ കൊടിയിറങ്ങിയതിന് പിന്നാലെയാണ് അദ്ദേഹം ഇനി കലോത്സവ വേദികളില്‍ പാചകം ചെയ്യാനില്ലെന്ന് അറിയിച്ച് രംഗത്തെത്തിയത്. വിവാദങ്ങള്‍ വല്ലാതെ ആശങ്ക ഉണ്ടാക്കി. നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. സ്‌കൂള്‍ കലാമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിര്‍ത്താന്‍ മുന്‍പ് ഒരിക്കല്‍ തീരുമാനിച്ചിരുന്നു. അന്ന് സര്‍ക്കാര്‍ സമ്മര്‍ദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, പഴയിടത്തിന്റെ തീരുമാനം പുറത്തുവന്നതിന് പിന്നാലെ പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. പഴയിടം നമ്പൂതിരിയില്‍ സത്യത്തില്‍ അവര്‍ കണ്ടുപിടിച്ച കുറ്റം എന്തായിരുന്നെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ ചോദിച്ചു. പഴയിടം മാംസാഹാരവും തയ്യാറാക്കും. കായികമേളയില്‍ വിളമ്പുകയും ചെയ്യാറുണ്ട്. ഭക്ഷണം കഴിക്കാനെത്തുന്നവരുടെ എണ്ണത്തിലോ സമയത്തിലോ ക്ലിപ്തത ഇല്ലാത്തതിനാല്‍ ഉണ്ടാകാവുന്ന പ്രായോഗിക, ആരോഗ്യപരമായ ബുദ്ധിമുട്ടിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്ന് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ

പാചകവിവാദം കൊഴുക്കുന്നതിനിടെ നിങ്ങള്‍ ഒരു കാര്യം ചിന്തിച്ചോ?
പഴയിടം നമ്പൂതിരിയില്‍ സത്യത്തില്‍ അവര്‍ കണ്ടുപിടിച്ച കുറ്റം എന്തായിരുന്നു?
പാചകം മോശമായിരുന്നു എന്നതായിരുന്നോ അത്?
അല്ല, അത്തരം ഒരു ആരോപണം അദ്ദേഹം കേള്‍പ്പിച്ചിട്ടില്ല.
കലവറ ശുചിയായിരുന്നില്ല എന്നതായിരുന്നോ അത്?
അല്ല, അത്തരം ഒരു ആരോപണവും അദ്ദേഹം കേള്‍പ്പിച്ചിട്ടില്ല.
മാംസാഹാരം തയ്യാറാക്കില്ല എന്നതായിരുന്നോ അത്?

അല്ല, പഴയിടം മാംസാഹാരവും തയ്യാറാക്കും. കായികമേളയില്‍ വിളമ്പുകയും ചെയ്യാറുണ്ട്. ഭക്ഷണം കഴിക്കാനെത്തുന്നവരുടെ എണ്ണത്തിലോ സമയത്തിലോ ക്ലിപ്തത ഇല്ലാത്തതിനാല്‍ ഉണ്ടാകാവുന്ന പ്രായോഗിക, ആരോഗ്യപരമായ ബുദ്ധിമുട്ടിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.
പിന്നെ എന്തായിരുന്നു അദ്ദേഹത്തിന്റെ കുറ്റം?
ജാതി! സവര്‍ണ്ണ ജാതിക്കാരനായ ബ്രാഹ്മണന്‍ എന്നതായിരുന്നു അദ്ദേഹത്തില്‍ അവര്‍ കണ്ട കുറ്റം.
അതുവഴി അവര്‍ എന്താണ് ചെയ്യാന്‍ ശ്രമിച്ചത്?

തന്റെ തൊഴില്‍ യാതൊരു കുറവും കൂടാതെ കൃത്യമായി ചെയ്ത്, നല്ല പേര് സമ്പാദിച്ച ഒരാളില്‍ യാതൊരു കുറ്റവും കാണാന്‍ കഴിയാഞ്ഞപ്പോള്‍, ജാതി പറഞ്ഞ് അദ്ദേഹത്തിന്റെ തൊഴില്‍ ഇല്ലാതാക്കാനാണ്, അദ്ദേഹത്തെ ഒഴിവാക്കാനാണ് അവര്‍ ശ്രമിച്ചത്.
ജാതി പറഞ്ഞ് ഒരുവനെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നതിന് ഇന്നാട്ടില്‍ ഇപ്പോഴും പറയുന്നത് അയിത്തം എന്നുതന്നെയല്ലേ? വര്‍ണ്ണവിവേചനം എന്നുതന്നെയല്ലേ? തൊട്ടുകൂടായ്മ എന്നുതന്നെയല്ലേ?

ഭയപ്പെടേണ്ടത്, അട്ടിമറി ഉണ്ടാകാതിരിക്കാന്‍ ഉറക്കമിളച്ച് കുട്ടികളുടെ ഭക്ഷണപ്പുരയ്ക്ക് കാവലിരുന്ന പഴയിടത്തെയല്ല, പഞ്ചസാരയില്‍ പൊതിഞ്ഞ് അയിത്തം വച്ചുനീട്ടുന്ന രാക്ഷസരെയാണ്.
അല്ലെങ്കിലും നിങ്ങള്‍ക്ക് ഒരാള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ അറിയില്ലല്ലോ; പണി കൊടുക്കാന്‍ മാത്രമല്ലേ അറിയൂ.












Click it and Unblock the Notifications