വിദ്യാലയ മണികള്‍ വീണ്ടും മുഴങ്ങുന്നു: ആദ്യ രണ്ടാഴ്ച ഹാജരെടുപ്പും പതിവ് പഠനവുമില്ല
തിരുവനന്തപുരം: നീണ്ട 20 മാസത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ വീണ്ടും ഇന്ന് വിദ്യാലയങ്ങളിലേക്കും. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ആഘോഷപൂര്‍വ്വമായി തന്നെ കുട്ടികളെ വരവേല്‍ക്കാനാണ് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. എല്ലാ സ്കൂളുകളിലും രാവിലെ പ്രവേശനോത്സവം നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. കൂടുതല്‍ കുട്ടികളുള്ള ക്ലാസുകള്‍ക്ക് ഷിഫ്റ്റ് സബ്രദായം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൈക്കൊണ്ടത്. ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളാണ് ഇന്ന് മുതല്‍ ആരംഭിക്കുന്നത്. ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലും ആരംഭിക്കും.
അധ്യയനം ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിരുന്നെങ്കിലും കൂട്ടുകാരുമായി ഒത്തുചേർന്ന് പഠിക്കുന്നതിനും കളിക്കുന്നതിനുമൊക്കെ കുട്ടികൾക്ക് സാധിക്കാതെ പോയത് വിഷമകരമായ കാര്യമായിരുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മാത്രമല്ല, വിദ്യാലയങ്ങളിൽ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിൻ്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളികളുമുണ്ടായിരുന്നു. എന്നാല്‍ സ്കൂളുകള്‍ തുറക്കുന്നതോടെ ആ സ്ഥിതി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

18 വയസ്സിനു മുകളിലുള്ളവരിൽ 95 ശതമാനത്തോളം പേർക്കും വാക്സിനേഷൻ നൽകിയതോടെ സാമൂഹിക നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാനം പ്രാപ്തമായിട്ടുണ്ട്. പുതിയ കേസുകളുടേയും ചികിത്സയിൽ ഉള്ള രോഗികളുടേയും എണ്ണം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മികച്ച ജാഗ്രത പുലർത്തിക്കൊണ്ട് വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ആദ്യ രണ്ടാഴ്ച ഹാജർ ഉണ്ടാകില്ല. ആദ്യ ആഴ്ചകളിൽ കുട്ടികളുടെ ആത്മ വിശ്വാസം കൂട്ടുന്ന പഠനം മാത്രമായിരിക്കും ഉണ്ടാകുക. സർക്കാരിന്റെ നേതൃത്വത്തിൽ വലിയ മുന്നൊരുക്കങ്ങളാണ് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പൊതുസമൂഹവുമായും മറ്റു വകുപ്പുകളുമായും ചേർന്ന് നടത്തിയിട്ടുള്ളത്.
സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിനും അണുനശീകരണം നടത്തുന്നതിനും വിവിധ തലങ്ങളിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പുകൾ, പി.ടി.എ /എസ്.എം.സി, തദ്ദേശഭരണസ്ഥാപനങ്ങൾ, യുവജന സംഘടനകൾ, അധ്യാപക സംഘടനകൾ തുടങ്ങിയവയരുടെയെല്ലാം സഹകരണത്തോടെ പ്രവർത്തനങ്ങൾ നടത്തി. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നുള്ള മാർഗ്ഗരേഖയും മോട്ടോർവാഹന വകുപ്പ് മാർഗരേഖയും പ്രവർത്തനങ്ങൾക്ക് കൃത്യമായ ദിശാബോധം നൽകി.
സ്‌കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ, സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിനുള്ള ശുചീകരണ പ്രക്രിയ, സ്‌കൂളിൽ എത്തിച്ചേരുന്ന കുട്ടികളും അധ്യാപകരും സ്വീകരിക്കേണ്ട കോവിഡ് പെരുമാറ്റരീതികൾ, വിദ്യാലയങ്ങളിലേക്ക് തിരികെ എത്തുന്ന കുട്ടികൾക്ക് വരാനിടയുള്ള മാനസിക പ്രശ്നങ്ങളും അവയുടെ പരിഹാര മാർഗങ്ങളും, കുട്ടികളിലെ പഠന പിന്നാക്കാവസ്ഥ, പഠനവൈകല്യങ്ങൾ മുതലായവ കണ്ടെത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങി ആരോഗ്യവകുപ്പ് വിഭാവനം ചെയ്ത പരിശീലന പരിപാടിയും രക്ഷിതാക്കൾ, കുട്ടികൾ, അധ്യാപകർ തുടങ്ങിയവരിലേക്ക് എത്തിച്ചിട്ടുണ്ട്. സ്‌കൂൾ തുറക്കലിന്റെ ഭാഗമായി എല്ലാ അധ്യാപകരും നിർബന്ധമായും കോവിഡ് വാക്സിൻ എടുക്കണം.
24,300 തെർമൽ സ്‌കാനറുകൾ സ്‌കൂളുകളിൽ വിതരണം ചെയ്തിട്ടുണ്ട്. 2021 - 22 അധ്യയന വർഷം സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം സുഗമമാക്കാൻ ഫണ്ട് എത്തിക്കാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സോപ്പ്, ഹാൻഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിന് 2.85 കോടി രൂപയാണ് സ്‌കൂളുകൾക്ക് നൽകിയത്. നവംബർ, ഡിസംബർ മാസങ്ങളിലെ 49 പ്രവൃത്തി ദിവസങ്ങളിലെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് ചെലവുകൾക്കായി 105.5 കോടി രൂപ സ്‌കൂളുകൾക്ക് മുൻകൂറായി നൽകിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.












Click it and Unblock the Notifications