കേരളത്തിലെ വന്ദേഭാരതില്‍ എല്ലാ സീറ്റിലും യാത്രക്കാര്‍.. മികച്ച വരുമാനം; വീണ്ടും കേന്ദ്രത്തിന്റെ സമ്മാനം
കണ്ണൂര്‍: അതിവേഗ യാത്ര എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറക്കിയത്. മണിക്കൂറില്‍ 180 കിലോ മീറ്ററാണ് വന്ദേഭാരതിന്റെ വേഗതയായി അവകാശപ്പെട്ടിരുന്നതെങ്കിലും ഇന്ത്യയിലെ ട്രാക്കുകളുടെ അവസ്ഥ കണക്കിലെടുത്ത് ഈ വേഗത കൈവരിക്കാന്‍ വന്ദേഭാരതിന് സാധിക്കാറില്ല. രാജ്യത്ത് 136 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.
ഇതില്‍ രണ്ടെണ്ണമാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ വന്ദേഭാരതിന് വലിയ ആകര്‍ഷണമുണ്ടായിരുന്നെങ്കിലും പിന്നീട് പലര്‍ക്കും താല്‍പര്യം കുറഞ്ഞു. ഇതോടെ യാത്രക്കാരുടെ എണ്ണത്തിലും വലിയ ഇടിവുണ്ടായി. എന്നാല്‍ കേരളത്തെ സംബന്ധിച്ച് നേരെ വിപരീതമായിരുന്നു സാഹചര്യം. വന്ദേഭാരതിന് കേരളത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

തുടക്കം മുതലുള്ള ഈ സ്വീകാര്യത ഇപ്പോഴും ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലെ വന്ദേഭാരത് യാത്രക്കാര്‍ക്ക് സന്തോഷം നല്‍കുന്ന പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് റെയില്‍വേ മന്ത്രാലയം. നേരത്തെ കേരളത്തിന്റെ ആദ്യ വന്ദേഭാരത് ആയ തിരുവനന്തപുരം - കാസര്‍കോട് (20634/20633) ട്രെയിനിലെ സീറ്റുകള്‍ റെയില്‍വേ വര്‍ധിച്ചിച്ചിരുന്നു. സര്‍വീസ് തുടങ്ങുമ്പോള്‍ 16 കോച്ചായിരുന്നു ഈ വന്ദേഭാരതിനുണ്ടായിരുന്നത്.
എന്നാല്‍ പുതുവര്‍ഷത്തില്‍ ഇത് 20 കോച്ചായി വര്‍ധിപ്പിച്ചു. ഇതോടെ സീറ്റെണ്ണം 1336 ആയി. സീറ്റ് വര്‍ധിച്ച ആദ്യ യാത്രയില്‍ തന്നെ ഈ വന്ദേഭാരതിന് 100 ശതമാനം ബുക്കിംഗ് ലഭിച്ചിരുന്നു. ഇതോടെ കേരളത്തിന്റെ രണ്ടാം വന്ദേഭാരതിന്റെ സീറ്റും വര്‍ധിപ്പിച്ചിരിക്കുകയാണ് റെയില്‍വേ. ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം വണ്ടി (20631/20632) ട്രെയിന്‍ ആണ് കേരളത്തിലെ രണ്ടാം വന്ദേഭാരത്.
ഈ വന്ദേഭാരതിന്റെ കോച്ചുകള്‍ എട്ടില്‍ നിന്ന് 16 ആക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ 512 സീറ്റുകള്‍ ഉണ്ടായിരുന്ന ട്രെയിനില്‍ 1024 സീറ്റാകും. ഇത് കൂടുതല്‍ യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കും. അതേസമയം സീറ്റ് വര്‍ധിപ്പിച്ച ശേഷം വന്ദേഭാരത് ഓടുന്നതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഏതായാലും കേരളത്തില്‍ വന്ദേഭാരതിന് ലഭിക്കുന്ന ജനപ്രീതിയും വരുമാനവും പരിഗണിച്ചാണ് റെയില്‍വേയുടെ നീക്കം.
ഇന്ത്യയില്‍ എട്ട് കോച്ചുള്ള 38 വന്ദേഭാരതുകളും പകുതി സീറ്റിലധികം ഒഴിഞ്ഞ് കിടന്നാണ് സര്‍വീസ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ രണ്ട് വന്ദേഭാരതും കുതിച്ചോടുന്നത്. ഇന്ത്യയിലെ 59 വന്ദേഭാരതുകളില്‍ മുഴുവന്‍ സീറ്റും നിറച്ചോടുന്നത് 17 എണ്ണം മാത്രമാണ്. കേരളത്തില്‍നിന്നുള്ള രണ്ട് വന്ദേഭാരത് സര്‍വീസുകളും ഈ പട്ടികയില്‍ മുന്നിലാണ് എന്നതാണ് ശ്രദ്ധേയം.












Click it and Unblock the Notifications