കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു: സാമ്പത്തിക, പാരിസ്ഥിതിക പ്രത്യാഘാതം കണക്കിലെടുത്ത്
തിരുവനന്തപുരം: കൊച്ചി പുറംകടലില്‍ ചരക്ക് കപ്പല്‍ മുങ്ങിയുണ്ടായ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. റവന്യൂ സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് തീരുമാനം ഉണ്ടായത്. രാസവസ്തുക്കളും ഇന്ധനവുമടങ്ങിയ കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് ഉണ്ടാകുന്ന കേരള തീരത്തുണ്ടാകുന്ന ദൂരവ്യാപകമായ പാരിസ്ഥിതിക, സാമ്പത്തിക പ്രത്യാഘാതം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ പ്രഖ്യാപനം.
മെയ് 25 നാണ് എംഎല്‍സി എല്‍സ 3 എന്ന ചരക്ക് കപ്പല്‍ മുങ്ങിയത്. 600 ലേറെ കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്കു വരികയായിരുന്നു കപ്പല്‍. കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇപ്പോഴും കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം തീരങ്ങളില്‍ അടിഞ്ഞുകൊണ്ടിരിക്കുകയാണ്.

തീരത്തടിഞ്ഞ കണ്ടെയ്‌നറുകളില്‍ പലതും കാലിയാണ് എന്നതിനാല്‍ ആശങ്കര്‍പ്പെടേണ്ട സാഹചര്യം ഇല്ല. കടലില്‍ മുങ്ങിയ 13 കണ്ടെയ്‌നറുകളിലാണ് കാല്‍സ്യം കാര്‍ബൈഡ് എന്ന അപകടകരമായ രാസവസ്തു ഉള്ളത്. ഇത് വെള്ളവുമായി കലര്‍ന്നാല്‍ സ്‌ഫോടനം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
അപകടമുണ്ടായ കടല്‍ മേഖലയില്‍ എണ്ണ പരന്നിട്ടുണ്ട്. എന്നാല്‍ ഇത് നിയന്ത്രണവിധേയമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതുകൂടാതെ പ്ലാസ്റ്റിക് തരികളും തീരത്തുനിന്ന് ലഭിക്കുന്നുണ്ട്.
സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിയതോടെ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഫണ്ട് ഉള്‍പ്പെടെ സഹായങ്ങള്‍ ആവശ്യപ്പെടാന്‍ കഴിയും. ദുരന്തനിവാരണ നിയമം അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാരിന് കഴിയും
ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്. ആദ്യം 26 ഡിഗ്രി ചെരിഞ്ഞ കപ്പല്‍ പിറ്റേ ദിവസത്തോടെ പൂര്‍ണ്ണമായി മുങ്ങുകയായിരുന്നു. കപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെ തീരദേശ സേനയും നാവികസേനയും രക്ഷപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications