'തുടർഭരണം എന്തും ചെയ്യാനുള്ള ലൈസൻസല്ല'; മുഖ്യമന്ത്രിയ്ക്കെതിരെ കടുപ്പിച്ച് പറഞ്ഞ് കെ.സുരേന്ദ്രൻ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തുടർ ഭരണം എന്നത് എന്തും ചെയ്യാനുള്ള ലൈസൻസാണെന്ന് മുഖ്യമന്ത്രി കരുതരുതെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കി.
കല്ലായിയിലും മാടപ്പള്ളിയിലും ഉണ്ടായത് ഭരണകൂട ഭീകരതയാണ്. ഇതിനെതിരെ ബിജെപി ജനകീയ പ്രതിരോധം തീർക്കും. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തേക്ക് അതിക്രമിച്ച് കയറി സിൽവർലൈൻ സർവേക്കല്ല് സ്ഥാപിക്കാൻ കേരളം ഉത്തര കൊറിയ അല്ലെന്ന് സർക്കാർ മനസ്സിലാക്കണം.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടന്ന പൊലീസ് അതിക്രമങ്ങൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഗുണ്ടകളും ക്രിമിനലുകളും അഴിഞ്ഞാടുമ്പോൾ നോക്കുകുത്തികളാവുന്ന പൊലീസുകാർ പാവങ്ങളുടെ ഭൂമി കയ്യേറാൻ കൂട്ട് നിൽക്കുകയാണ്. സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ചത് പുരുഷ പൊലീസുകാരാണെന്നത് ഗൗരവനുളളതാണ്. പൊലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കണം. നഗ്നമായ കയ്യേറ്റമാണു സംസ്ഥാന സർക്കാർ നടത്തുന്നത്. ജില്ലാ ഭരണകൂടം ജനങ്ങളോടു സംസാരിക്കാൻ പോലും തയാറാവാത്തതു പ്രതിഷേധാർഹമാണ്. സിൽവർലൈനിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ പദയാത്രകൾ സർക്കാരിനുള്ള താക്കീതാവുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

എന്നാൽ, സമാന വിഷയത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി മുരളീധരൻ രംഗത്ത് എത്തിയിരുന്നു. കെ-റെയിൽ കല്ലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചങ്ങനാശേരി മാടപ്പള്ളിയിൽ നടന്ന പ്രതിഷേധത്തിലെ പൊലീസ് നടപടി അപമാനകരമെന്ന് വി.മുരളീധരൻ വ്യക്തമാക്കി. ചങ്ങനാശേരിയിൽ നടന്നത് കാടത്തരമാണ്. സ്ത്രീ സമത്വം പറയുന്നവരുടെ ഭരണത്തിലാണ് ഇത്തരം നടപടി. സ്ത്രീകൾക്കെതിരായ അതിക്രമം നടത്തിയ പൊലിസുകാർക്കെതിരെ എന്ത് നടപടി എടുത്തു?, ജനങ്ങൾക്ക് വേണ്ടിയാണെന്നാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറയുന്നു, ആരാണ് ജനം?, കിടപ്പാടം മാത്രമുള്ള പാവപ്പെട്ട ജനങ്ങളെ മുഖ്യമന്ത്രി ജനങ്ങളായി കാണുന്നില്ലേ?,പിണറായി വിജയൻ ഏകാധിപതിയാണ്. കേരളത്തിന് ലജ്ജാകരമാണ് ഈ നടപടികളെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു.

ജനങ്ങളുടെ നെഞ്ചിൽ ചവിട്ടി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. ഏകാധിപതികളെ ചവറ്റ് കൊട്ടയിലേക്ക് എറിഞ്ഞ ചരിത്രം ഉണ്ട്. ഏകാധിപത്യവുമായി വരരുത്. സിൽവർ ലൈൻ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ റെയിൽവേ അനുവാദം നൽകിയിട്ടില്ല. ആകെ നൽകിയത് ഡി പി ആർ തയാറാക്കാൻ മാത്രമുള്ള അനുമതിയാണ്. മുഖ്യമന്ത്രി ജനത്തിനെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതിന് പിന്നാലെ കെ-റെയിൽ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടിനെയും അദ്ദേഹം വിമർശിച്ചിരുന്നു. അടിയന്തര പ്രമേയം മാത്രമായാണോ യു ഡി എഫ് ഈ വിഷയം കാണുന്നത്. ക്രിയാത്മക പ്രതിപക്ഷം എന്ന മേൽവിലാസം നെറ്റിയിലൊട്ടിച്ച് പ്രതിപക്ഷം മൗനം തുടരാനാണോ ലക്ഷ്യമിടുന്നതെന്നും മുരളീധരൻ ചോദിച്ചിരുന്നു.

എന്നാൽ, കോഴിക്കോട് കല്ലായിയിൽ സിൽവർലൈൻ കല്ലിനെതിരെ ശക്തമായ പ്രതിഷേധം നടന്നിരുന്നു. ഉദ്യോഗസ്ഥർ പദ്ധതിയുടെ ഭാഗമായി കല്ലിടാൻ എത്തിയപ്പോഴായിരുന്നു പ്രതിഷേധം രൂക്ഷമായത്. സംഭവത്തിന് പിന്നാലെ പോലീസും പ്രതിഷേധക്കാരും തമ്മിൽ വൻ സംഘർഷമുണ്ടാക്കി. സ്ത്രീകളടക്കമുള്ളവർ സംഘർഷത്തിൽ പങ്കെടുത്തിരുന്നു. പിന്നാലെ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കല്ലിടൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പ്രതിഷേധം ശക്തമാക്കി നാട്ടുകാർ രംഗത്തെത്തിയത്. 'വെടി വച്ചു കൊന്നാലും കല്ലിടാൻ സമ്മതിക്കില്ല' എന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കിയത്.

എന്നാൽ, നേരത്തെയും ഉദ്യോഗസ്ഥരെ നാട്ടുകാർ കല്ലിടുന്നതിൽ നിന്നും തടഞ്ഞിരുന്നു. കെ.റെയിൽ വിരുദ്ധ ജനകീയ സമിതിയും നാട്ടുകാർക്ക് പിന്തുണയുമായി എത്തി . ഇതിന് പിന്നാലെ സംഘർഷം കൂടുതൽ രീതിയിൽ വ്യാപിക്കുകയായിരുന്നു. പദ്ധതിയുടെ കല്ലിടൽ പ്രവർത്തനങ്ങൾക്കായി നിരവധി പോലീസും സ്ഥലത്തെത്തിയിരുന്നു. രണ്ടിടങ്ങളിലായി ആദ്യം കല്ലിട്ടു. എന്നാൽ. ഇവിടെ പ്രതിഷേധക്കാർ പ്രതിഷേധം നടത്തിയിരുന്നില്ല. എന്നാൽ, മൂന്നാമത്തെ സ്ഥലത്ത് കല്ലിടാൻ എത്തിയപ്പോഴായിരുന്നു പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയത്. കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടയുകയും വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു.
Recommended Video

എന്നാൽ പോലീസിന്റെ ഇടപെടലിൽ കല്ലിടാൻ ശ്രമിച്ചിരുന്നു. ഇത് കൂടുതൽ സംഘർഷത്തിലേക്കാണ് നീങ്ങിയത്. സ്ത്രീകളടക്കം സംഘർഷ സ്ഥലത്ത് പൊട്ടിക്കരയുന്ന സാഹചര്യമുണ്ടായി. സ്ത്രീകളെ അടക്കം പിടിച്ചു മാറ്റിയത് വനിതാ പോലീസുകൾ അല്ല എന്ന് ആക്ഷേപവുമുണ്ട്. ശക്തമായി തന്നെ പ്രതിഷേധിക്കുമെന്നാണ് നാട്ടുകാർ വ്യക്തമാക്കിയിരിക്കുന്നത്.മുൻകൂട്ടി അറിയിക്കാതെയാണ് നാട്ടുകാർ എത്തിയത് എന്നാണ് ആരോപണം.












Click it and Unblock the Notifications