സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയ്ക്ക് ആരംഭം: ടെന്‍ഷന്‍ വേണ്ട, ശാന്തമായി പരീക്ഷ എഴുതണമെന്ന് മന്ത്രി
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചു. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കേരളത്തിൽ 2955, ഗൾഫ് മേഖലയിൽ ഏഴ്, ലക്ഷദ്വീപിൽ ഒമ്പത് എന്നിങ്ങനെയാണ് പരീക്ഷാകേന്ദ്രങ്ങൾ. പരീക്ഷയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികള്‍ക്കും ആശംശകള്‍ നേരുന്നതായും വകുപ്പ് മന്ത്രി അറിയിച്ചു. യാതൊരു ടെന്‍ഷനും ഇല്ലാതെ സമയമെടുത്ത് തന്നെ ചോദ്യപേപ്പർ വായിച്ച് മനസ്സിലാക്കി, ഏറ്റവും എളുപ്പത്തില്‍ ഉത്തരം എഴുതാന്‍ കഴിയുന്ന ചോദ്യത്തിനുള്ള ഉത്തരം ആദ്യം തന്നെ എഴുതുക. സംശയം എന്തെങ്കിലും ഉണ്ടെങ്കില്‍ അധ്യാപകരോട് ചോദിക്കുക. യാതൊരു ടെന്‍ഷനും ഇല്ലാതെ ശാന്തമായി തന്നെ പരീക്ഷ എഴുതണമെന്നും മന്ത്രി പറഞ്ഞു.

പരീക്ഷ എഴുതാന്‍ കഴിയുന്ന തരത്തില്‍ അധ്യാപകർ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടാകും. നിങ്ങളും അതുപോലെ പഠിച്ചിട്ടുണ്ടാകും. എല്ലാവരും നല്ല രീതിയില്‍ പരീക്ഷ എഴുതുക. എല്ലാവർക്കും എന്റെ വിജയ ആശംസകള്‍ അറിയിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരീക്ഷ എഴുതുന്ന വിദ്യാർത്ഥികള്‍ക്ക് ആശംശകളുമായി മുന്‍ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസകും രംഗത്ത് വന്നിട്ടുണ്ട്. 'നിറഞ്ഞ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാനും നല്ല മാർക്കു വാങ്ങി ഇഷ്ടപ്പെട്ട വിഷയങ്ങളിൽ ഉപരിപഠനം നടത്താനും എല്ലാ കുഞ്ഞുങ്ങൾക്കും എന്റെ ആശംസകൾ. ഉഷാറായി പരീക്ഷയെഴുതൂ. നിങ്ങളുടെ സ്വപ്നത്തിലുള്ള ലക്ഷ്യങ്ങളിലേയ്ക്ക് നമുക്കൊരുമിച്ച് മുന്നേറാം.' എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പുതിയ അദ്ധ്യയനവർഷത്തേക്കുള്ള പാഠപുസ്തക വിതരണം മാർച്ച് 12ന് ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസ്സുകളിലെ കുട്ടികൾക്ക് ആവശ്യമായ 1,43,71,650 പാഠപുസ്തകങ്ങളുടെ അച്ചടിപൂർത്തിയായി. ഈ പാഠപുസ്തകങ്ങളിൽ ഇംഗ്ലീഷ് മീഡിയം, തമിഴ് മീഡിയം, കന്നഡ മീഡിയം എന്നിവ ഉൾപ്പെടും. ഇതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മാർച്ച് 12ന് തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് നടക്കും. പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ചുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ കുട്ടികൾക്ക് ആവശ്യമായ 2,09,72,250 പാഠപുസ്തകങ്ങളുടെ അച്ചടി മെയ് മാസം ആദ്യ ആഴ്ച പൂർത്തിയാകും. വിതരണോദ്ഘാടനം മെയ് പത്തിനുള്ളിൽ നടക്കും.
സമഗ്രശിക്ഷാ കേരളം 2023-2024 സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയങ്ങളിൽ പഠനോത്സവം സംഘടിപ്പിക്കുകയാണെന്നും മന്ത്രി അറിയിച്ചു. പഠനോത്സവത്തിൽ തുടങ്ങി പ്രവേശനോത്സവം വരെ എത്തുന്ന വിപുലമായ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടാണ് വിദ്യാലയങ്ങളിൽ ഇത്തവണ പഠനോത്സവം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 11ന് തിരുവനന്തപുരം പൂജപ്പുര യു.പി.എസ്സിൽ നടക്കും.
സ്റ്റാർസ് പദ്ധതി ആരംഭിച്ചിട്ടുള്ള സംസ്ഥാനങ്ങളുടെ ഡീസെൻഡ്രലൈസിഡ് പ്ലാനിംഗ് ആന്റ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് വർക്ക്‌ഷോപ്പ് മാർച്ച് ആറ് മുതൽ എട്ട് വരെ കേരളത്തിൽ നടക്കും. സ്റ്റാർസ് പദ്ധതി നിലവിലുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധികളും കേരളത്തിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്ന വർക്ക്‌ഷോപ്പ് തിരുവനന്തപുരത്താണ് സംഘടിപ്പിക്കുന്നത്.
എസ്എസ്എൽസി ടൈംടേബിൾ
04/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) - ഒന്നാം പാർട്ട് 1
മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/അഡീ.ഹിന്ദി/സംസ്‌തം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)
06/03/2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) - രണ്ടാം ഭാഷ ഇംഗ്ലീഷ്
11/03/2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) - ഗണിതശാസ്ത്രം
13/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) - ഒന്നാം പാർട്ട് 2
മലയാളം/തമിഴ്/കന്നട/ സ്പെഷ്യൽ ഇംഗ്ലിഷ് ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്‌കൂളുകൾക്ക്)/അറബിക്ഓറിയന്റൽ രണ്ടാം പേപ്പർ (അറബിക് സ്കൂളുകൾക്ക് / സംസ്കൃതം ഓറിയന്റൽ രണ്ടാം പേപ്പർ (സംസ്കൃകം സ്കൂളുകള്‍ക്ക് മത്രം)
15/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) - ഊർജ്ജതന്ത്രം
18/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) - മൂന്നാം ഭാഷ
ഹിന്ദി/ജനറൽ നോളഡ്‌ജ്
20/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) - രസതന്ത്രം
22/03/2024 (രാവിലെ 9.30 മുതല്‍ 11.15 വരെ) - ജീവശാസ്ത്രം
25/03/2024 (രാവിലെ 9.30 മുതല്‍ 12.15 വരെ) - സോഷ്യൽ സയൻസ്












Click it and Unblock the Notifications