എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.5% വിജയശതമാനം, കൂടുതല്‍ എപ്ലസ് മലപ്പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ പരീക്ഷയെഴുതിയ 99.5 ശതമാനം വിദ്യാര്‍ത്ഥികളും വിജയിച്ചു. ഇത്തവണ 4,26,697 വിദ്യാര്‍ഥികളാണു പരീക്ഷ എഴുതിയത്. ഇതില്‍ 4,24,583 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഇത്തവണ വിജയ ശതമാനത്തിലും എ പ്ലസുകാരുടെ എണ്ണത്തിലും കുറവുണ്ടായി.
കഴിഞ്ഞ വര്‍ഷം 99.69% ആയിരുന്നു സംസ്ഥാനത്തെ വിജയ ശതമാനം. 61449 പേര്‍ക്കാണ് ഇത്തവണ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. 2331 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള ജില്ല കണ്ണൂരാണ്. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തിയത് മലപ്പുറം ജില്ലയിലെ പികെഎംഎച്ച്എസ്എസ് എടരിക്കോടാണ്.

വിജയ ശതമാനം ഏറ്റവും കുറവുള്ള ജില്ല തിരുവനന്തപുരം ആണ്. പാലാ, മാവേലിക്കര വിദ്യാഭ്യാസ ജില്ലകള്‍ 100 ശതമാനം വിജയം നേടി നേട്ടം കൊയ്തു. 98.28 വിജയ ശതമാനമുള്ള ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ 4,115 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 4934 വിദ്യാര്‍ത്ഥികള്‍ ആയിരുന്നു മലപ്പുറത്ത് മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയിരുന്നത്.
തിരുവനന്തപുരത്തെ പിആര്‍ഡി ചേംബറില്‍ വെച്ച് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മൊബൈല്‍ ആപ്പായ പിആര്‍ഡി ലൈവിലും വിവിധ വെബ്‌സൈറ്റുകളിലും വൈകീട്ട് നാല് മണി മുതല്‍ ലഭ്യമായിരിക്കും.
https://pareekshabhavan.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന പരീക്ഷാഫലം തത്സമയം അറിയാം. https://pareekshabhavan.kerala.gov.in, https://kbpe.kerala.gov.in, https://results.digilocker.kerala.gov.in, https://ssloexam.kerala.gov.in, https://prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്. മാര്‍ച്ച് മൂന്നിനായിരുന്നു ഇത്തവണ സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ ആരംഭിച്ചത്. മാര്‍ച്ച് 26 ന്് പരീക്ഷകള്‍ അവസാനിച്ചു.
ടിഎച്ച്എല്‍സിയില്‍ 99.48 ശതമാനം വിജയമാണ് ഇക്കുറി രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ 2964 ഉം ലക്ഷദ്വീപിലെ ഒമ്പതും ഗള്‍ഫിലെ ഏഴും കേന്ദ്രങ്ങളിലായാണ് എസ് എസ് എല്‍ സി, ടി എച്ച് എല്‍ സി പരീക്ഷകള്‍ നടത്തിയത്.
Download











Click it and Unblock the Notifications