എസ്‌എസ്‌എല്‍സി,പ്ലസ്‌ടു പരീക്ഷകളുടെ സമയക്രമം തീരുമാനിച്ചു; പാഠഭാഗങ്ങള്‍ കുറക്കാന്‍ ആലോചന
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പ്ലസ്‌ടു പരീക്ഷകളുടെ സമയംക്രമം തീരുമാനിച്ചു. മാര്‍ച്ച് 17മുതല്‍ രാവിലെയായിരിക്കും പ്ലസ്‌ടു പരീക്ഷകള്‍ നടത്തുക. ഉച്ചയ്‌ക്ക് ശേഷം എസ്‌എസ്‌എല്‍സി പരീക്ഷയും നടത്തും. കോവിഡ് സാഹചര്യത്തില്‍ പരീക്ഷകള്‍ വിദ്യാര്‍ഥി സൗഹൃദമാക്കാനും നിര്‍ദേശമുണ്ട്.
ഇപ്പോഴത്ത സാഹചര്യത്തില്‍ കുട്ടികള്‍ പരീക്ഷയെ ഭയക്കാന്‍ ഇടവരരുത് അതിനാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ നല്‍കി അവയില്‍ നിന്ന് തിരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നല്‍കുന്നത് പരിഗണിക്കും. വെള്ളിയാഴ്‌ച്ച ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്‍മ സമിതി യോഗത്തിന്റെതാണ് നിര്‍ദേശം. ക്ലാസ് പരീക്ഷകള്‍ക്കും പ്രാധാന്യം നല്‍കും. സാധ്യമെങ്കില്‍ പ്രധാന പരീക്ഷക്ക് മുന്‍പ് മാതൃക പരീക്ഷ നടത്തിയ ശേഷമാകും വാര്‍ഷിക പരീക്ഷ നടത്തുക. കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതിന് മുന്‍പ് ഓണ്‍ലൈന്‍ ആയി രക്ഷിതാക്കളുടെ അഭിപ്രായം തേടും. രക്ഷിതാക്കളുടെ അനുമതിയോടെ അവരുടെ ആശങ്ക പരിഹരിച്ചു മാത്രമേ കുട്ടികളെ സ്‌കൂളില്‍ എത്തിക്കാന്‍ അനുവദിക്കു.
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകള്‍ ഈ മാസം അവസാനത്തോടെ ശുചീകരിച്ച് സജ്ജമാക്കും. പത്ത് പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരില്‍ എത്രപേര്‍ ഒരോ ദിവസവും എത്തണമെന്ന കാര്യം സ്‌കൂളുകള്‍ക്കു ക്രമീകരിക്കാം. എസ്‌എസ്‌എല്‍സി,പ്ലസ് ടു പരീക്ഷകളുടെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ ജനുവരി ഒന്നുമുതല്‍ ആരംഭിക്കും.
എസ്‌എസ്‌എല്‍സി, പ്ലസ് ടു ക്ലാസുകളില്‍ സിലബസ് മുഴുവന്‍ പഠിപ്പിക്കുമെങ്കിലും പരീക്ഷക്ക് മുന്‍പ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഗുണമേന്‍മാ സമിതി യോഗത്തില്‍ അറിയിച്ചു. ഒഴിവാക്കുന്ന പാഠഭാഗങ്ങള്‍ കുട്ടികളെ നേരത്തെ അറിയിക്കും. ഇതില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ എസ് സിഇആര്‍ടിയെ ചുമതിലപ്പെടുത്തി.
മറ്റ് ക്ലാസുകള്‍ തുടങ്ങുന്നതും അവരുടെ പരീക്ഷകള്‍ സംബന്ധിച്ചും തീരുമാനം എടുക്കാത്തതിനാല്‍ വിദ്യാഭ്യാസ ഗുണമേന്‍മാ സമിതി ചര്‍ച്ച ചെയ്‌തില്ല. അടുത്ത മാസം മുതല്‍ കുട്ടികള്‍ സ്‌കൂളില്‍ എത്തിത്തുടങ്ങുന്നതോടെ ഒരോ കുട്ടിയുമായും വ്യക്തിപരമായി അധ്യാപകര്‍ ഇടപെടുകയും പാഠഭാഗങ്ങളില്‍ അവര്‍ക്കുള്ള ധാരണ വിലയിരുത്തുകയും വേണം. ഡിഎല്‍എഡിന്റെ പ്രവേശനം പൂര്‍ത്തിയാക്കാനും യോഗം തൂരുമാനിച്ചു. എല്‍എസ്‌എസ്,യുഎസ്‌എസ്, പരീക്ഷ നടത്തിപ്പിന് മാര്‍ഗ നിര്‍ദേശം രൂപവത്‌കരിക്കാന്‍ എസ്‌സിആര്‍ടിയെ ചുമതലപ്പെടുത്തി.