പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ആശ്വാസം; നിർണ്ണായക പ്രഖ്യാപനവുമായി മന്ത്രി വി. ശിവൻകുട്ടി
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ നിർണ്ണായകമായ ഒരു മാറ്റത്തിന് സർക്കാർ തുടക്കമിടുന്നു. സംസ്ഥാനത്തെ പത്താം ക്ലാസ് (SSLC) വിദ്യാർത്ഥികളുടെ പഠനഭാരം ലഘൂകരിക്കുന്നതിനായി നിലവിലുള്ള സിലബസിൽ 25 ശതമാനം കുറവ് വരുത്താൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന് സമീപം വെദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിനായി നിർമ്മിച്ച 'സ്നേഹവീടിന്റെ' താക്കോൽദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
എപ്പോഴാണ് ഈ മാറ്റം വരുന്നത്?
അടുത്ത അധ്യയന വർഷമായ 2026-27 മുതലായിരിക്കും പുതുക്കിയ സിലബസ് പ്രാബല്യത്തിൽ വരിക. നിലവിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഈ മാറ്റം ബാധിക്കില്ല. എന്നാൽ അടുത്ത വർഷം പത്താം ക്ലാസിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് ഇത് വലിയ ആശ്വാസമാകും.

പരിഷ്കരണത്തിന്റെ പ്രധാന കാരണങ്ങൾ
സിലബസ് ഭാരം മൂലം വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഈ തീരുമാനം. വിപുലമായ പാഠഭാഗങ്ങൾ പഠിച്ചെടുക്കാനുള്ള തിടുക്കത്തിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. പാഠഭാഗങ്ങൾ വേഗത്തിൽ ഓടിച്ചു പഠിക്കുന്നതിന് പകരം, പ്രധാനപ്പെട്ട കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെയും ആഴത്തിലും മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് സമയം ലഭിക്കും. നിശ്ചിത സമയത്തിനുള്ളിൽ വലിയ തോതിലുള്ള പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ അധ്യാപകർ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ഇതോടെ പരിഹാരമാകും.
എന്തൊക്കെയാണ് ഒഴിവാക്കുന്നത്?
കരിക്കുലം കമ്മിറ്റി ഇതിനോടകം തന്നെ ഈ പരിഷ്കരണത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. പാഠപുസ്തകങ്ങളിലെ ആവർത്തനങ്ങൾ, അമിതമായ വിശദീകരണങ്ങൾ, നിലവിൽ വലിയ പ്രസക്തിയില്ലാത്ത ഭാഗങ്ങൾ എന്നിവയാണ് പ്രധാനമായും ഒഴിവാക്കുന്നത്. അതേസമയം, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെയോ അക്കാദമിക് നിലവാരത്തെയോ ബാധിക്കാത്ത രീതിയിലായിരിക്കും ഈ ക്രമീകരണം.
സിലബസ് കുറയ്ക്കുന്നതിനൊപ്പം വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ മറ്റ് ചില നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. ഐസിടി (ICT) പാഠ്യപദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പഠനവും നിർബന്ധമാക്കും. പഠനത്തോടൊപ്പം തന്നെ കുട്ടികൾക്ക് കായിക-കലാ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും മറ്റ് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാനും ഈ പരിഷ്കാരം വഴിയൊരുക്കുമെന്ന് മന്ത്രി കൂട്ടിചേർത്തു.












Click it and Unblock the Notifications