'അവ്വൈ ഷണ്‍മുഖി'യിലൂടെ പ്രശസ്തനായി; അപകടത്തില്‍ പൊലിഞ്ഞത് സന്തോഷ് ജോണ്‍ എന്ന മികച്ച കലാകാരന്‍
കൊച്ചി: നര്‍ത്തകനും മജിഷ്യനും മിമിക്രി താരവുമായ സന്തോഷ് ജോണ്‍ കൊച്ചിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. അവ്വൈ സന്തോഷ് എന്നാണ് സന്തോഷ് ജോണ്‍ അറിയപ്പെട്ടിരുന്നത്. 43 വയസായിരുന്നു.
ആലുവ ദേശത്തു വച്ചാണ് ഇന്നലെ രാത്രി വാഹനാപകടം ഉണ്ടായത്. പട്ടാമ്പിയില്‍ നിന്ന് പരിപാടി കഴിഞ്ഞു വരുമ്പോഴാണ് ദാരുണമായ അപകടമുണ്ടായത്. സന്തോഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ടാങ്കര്‍ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ലോറി നിര്‍ത്താതെ പോയി. സന്തോഷിനെ കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അറിയപ്പെടുന്ന സ്റ്റേജ് കലാകാരനായിരുന്നു സന്തോഷ്. കമല്‍ഹാസന്റെ അവ്വൈ ഷണ്‍മുഖി, അപൂര്‍വ സഹോദരങ്ങള്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ സ്റ്റേജുകളില്‍ അവതരിപ്പിച്ചാണ് ഇദ്ദേഹം കലാരംഗത്ത് ശ്രദ്ധ നേടിയത്. കമലഹാസന്‍ സന്തോഷിനെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നാണ് അവ്വൈ സന്തോഷ് എന്ന പേരില്‍ അറിയപ്പെട്ടത്. ചെറുപ്പം മുതല്‍ കലാ രംഗത്തുള്ള സന്തോഷ് ഡാന്‍സ്, മാജിക് എന്നിവയില്‍ മികവു തെളിയിച്ചു. ഇരുപതിലധികം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, സകല കലാ വല്ലഭന്‍, കുട്ടിയും കോലും, സത്യം ശിവം സുന്ദരം, അപരന്മാര്‍ നഗരത്തില്‍, സ്പാനിഷ് മസാല തുടങ്ങിയ സിനിമകളിലാണ് അഭിനയിച്ചത്. ജയറാം, നാദിര്‍ഷാ, കലാഭവന്‍ മണി എന്നിവരോടൊപ്പം ഒട്ടേറെ രാജ്യങ്ങളില്‍ സ്റ്റേജ് പ്രോഗ്രാമുകളില്‍ പങ്കെടുത്തിട്ടുണ്ട്. പരേതനായ കെ. ജോണിന്റെയും ലീലാമ്മയുടെയും മകനാണ് സന്തോഷ്.
സന്തോഷിന്റെ അമ്മ ലീലാമ്മയുടെ നൃത്തം പലപ്പോഴും സാമൂഹിക മാധ്യമത്തില്‍ ഏറെ വൈറലായിട്ടുണ്ട്. അമ്മയ്ക്കും സിനിമയില്‍ അവസരങ്ങള്‍ കിട്ടിത്തുടങ്ങിയ സന്തോഷത്തിലിരിക്കെയാണ് അപ്രതീക്ഷിതമായ അപകടമുണ്ടായത്.
സന്തോഷിന്റെ ഭാര്യ ഷീന. മക്കള്‍: അലീന, ജോണല്‍. സംസ്‌കാരം കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ നടത്തി.












Click it and Unblock the Notifications