കേരളത്തില്‍ കൊവിഡ് പിടിവിടുന്നെന്ന് ഐഎംഎ; എറണാകുളത്തും കോഴിക്കോടും സ്ഥിതി രൂക്ഷം
തിരുവനന്തപുരം: ഒരു മാസത്തോളമായി കേരളത്തില്‍ കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നതായി ഐഎംഎ കേരള ഘടകം. രോഗികള്‍ ഇത്തരത്തില്‍ കൂടിയാല്‍ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ അപര്യാപ്തമാകുന്ന അവസ്ഥയുണ്ടാകുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്കുന്നു. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ദിനംപ്രതി ആയിരത്തിന് മുകളില്‍ രോഗികളുണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.പിടി സക്കറിയാസ്, സെക്രട്ടറി ഡോ.പി ഗോപികുമാര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കൊവിഡ് പ്രതിരോധത്തിനായി ബ്രേക്ക് ദ ചെയിന്‍ അനുവര്‍ത്തിക്കുന്ന കാര്യത്തില്‍ വലിയ രീതിയില്‍ അംലംഭാവം ഉണ്ടാകുന്നതായി കാണുന്നു. സ്കൂളുകള്‍, കോളേജുകള്‍, സിനിമ ശാലകള്‍, മാളുകള്‍, ബറുകള്‍ എല്ലാം തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ കൊവിഡ് നിബന്ധനകള്‍ പാലിക്കുന്നതില്‍ അയവ് വന്നു. ഇത് അപകടപരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീക്കുമെന്നും ഐഎംഎ നിരീക്ഷിക്കുന്നു.
അനാവശ്യമായ സഞ്ചാരങ്ങള്‍, ആഘോഷങ്ങള്‍ക്കായുള്ള കൂട്ടുകൂടല്‍ എന്നിവയില്‍ വരുത്തിയ ഇളവുകള്‍ പിന്‍വലിക്കേണ്ട അവസ്ഥയാണ്. ഇളവുകള്‍ നല്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരേണ്ടെതുണ്ടെങ്കിലും അത് നമ്മുടെ സഹോദരരുടെ ജീവന് പണയം വെച്ചുകൊണ്ടാകരുത്.
50 ശതമാനം സെന്‍സിറ്റീവായ ആന്റിജന്‍ ടെസ്റ്റുകള്‍ക്കു പകരം ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി കൂടുതല്‍ പേരെ ടെസ്റ്റ് ചെയ്ത് ഐസലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കിയാല്‍ മാത്രമേ കൊവിഡ് നിയന്ത്രിക്കാനാവൂ. അതുപോലെത്തന്നെ ഐസലേഷന്‍/ ക്വാറന്റൈന് നിബന്ധനകളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കൂടുതല്‍ കര്‍ശനമായ നടപടികള്‍ അനിവാര്യമാകുന്ന അവസ്ഥ അകലെയല്ലെന്നും ഐഎംഎ വാര്‍ത്താ കുറിപ്പില്‍ സൂചിപ്പിക്കുന്നു.
കോണ്ടാക്ട് ടെസ്റ്റിങ്, സര്‍വൈലന്‍സ് ടെസ്റ്റിങ് എന്നിവ നിന്നുപോയ അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് രണ്ടും ഊര്‍ജ്ജസ്വലമായി വീണ്ടും ചെയ്താല്‍ മാത്രമേ രോഗബാധിതരേയും രോഗസാധ്യതയുള്ള പ്രദേശങ്ങളേയും തിരിച്ചറിയാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിക്കുകയുള്ളു. വാകസിനേഷന് കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അല്ലാത്തപക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സീന് നല്കാന് മാസങ്ങള്‍ വേണ്ടെിവരുമെന്നും ഐഎംഎ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
കൊവിഡിന്റെ മുന്‍നിര പോരാളികളായ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ വേതന പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരമുണ്ടാക്കി അവരെ സമരമാര്‍ഗ്ഗത്തില്‍ നിന്ന് എത്രയും പെട്ടെന്ന് പിന്തിപ്പിക്കണമെന്നും ഐഎംഎ സര്‍ക്കാരിനോട് കുറിപ്പില്‍ ആവശ്യപ്പെട്ടു.
വയനാട്ടില്‍ ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 63 പേര്‍ക്ക് രോഗമുക്തി