സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണയും പഴയിടം ഭക്ഷണമൊരുക്കും; തീരുമാനം മാറിയത് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരി തന്നെ ഭക്ഷണമൊരുക്കും. പാചകത്തിനുള്ള ടെൻഡർ തുടർച്ചയായ 17ാം വട്ടവും പഴയിടം മോഹൻ നേടി. കൊല്ലത്ത് ജനുവരി 2 മുതൽ 8 വരെയാണ് കലോത്സവം.
ഈ വർഷം മുതൽ കലോത്സവ ഭക്ഷണത്തിൽ മാംസ വിഭവങ്ങളും ഉൾപ്പെടുത്തുമെന്ന് കഴിഞ്ഞ തവണ മന്ത്രി ശിവൻ കുട്ടി പറഞ്ഞിരുന്നു. ഇനി കലോത്സവ ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം മോഹനനും പറഞ്ഞിരുന്നു.

ദിവസവും 40000 - 50000 പേർക്ക് ഭക്ഷണം വിളമ്പേണ്ട കലോത്സവത്തിൽ നോൺ വെജ് കൂടി ഉൾപ്പെടുത്തിയാൽ ചെലവ് കുത്തനെ കൂടും എന്നതും പ്രായോഗിക പ്രശ്നങ്ങളും വിലയിരുത്തിയാണ് വെജിറ്റേറിയൻ ഭക്ഷണം തുടരാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്, സ്കൂൾ കായിക മേളയിൽ രാത്രി മാസം വിഭവങ്ങൾ വിളമ്പുന്നുണ്ടെങ്കിലും 4500 പേർക്ക് മതിയാകും.
കോൺഗ്രസ് അനുകൂല സംഘടനയായ അധ്യാപക സംഘടനയായ കെ പി എസ് ടി എയ്ക്കാണ് ഇത്തവണ കലോത്സവ ഭക്ഷണ കമ്മിറ്റി ചുമതല. സസ്യ ഭക്ഷണം ആയതിനാലും കമ്മിറ്റിക്കാർ തന്നെ ആവശ്യപ്പെട്ടതും കൊണ്ടാണ് ടെൻഡറിൽ പങ്കെടുത്തത് എന്ന് പഴയിടം പറഞ്ഞു, കഴിഞ്ഞ തവണ എല്ലാ സംസ്ഥാന സ്കൂൾ മേളകൾക്കും ഭക്ഷണമൊരുക്കിയ പഴയിടം ഇത്തവണ മറ്റ് മേളകളുടെ ടെൻഡറിൽ പങ്കെടുത്തിരുന്നില്ല.
മാംസാഹാരം ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ച വന്നപ്പോൾ മാംസാഹാരം വിളമ്പുന്നതിൽ തെറ്റില്ല, താൻ അത് ഉണ്ടാക്കാറില്ലെന്നും എന്നാൽ തനിക്ക് അതിനുള്ള ടീം ഉണ്ടെന്നുമായിരുന്നു പഴയിടം മോഹനൻ മ്പൂതിരി പറഞ്ഞത്. വിവാദം കാര്യമാക്കുന്നില്ലെന്നും അടുക്കള നിയന്ത്രിക്കുന്നതിൽ മുൻകാലങ്ങളിലില്ലാത്ത ഭയം തോന്നിയെന്നും പഴയിടം പറഞ്ഞിരുന്നു. അതിനാൽ കലോത്സവത്തിൽ നിന്ന് പിന്മാറുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്












Click it and Unblock the Notifications