അത്‌ലറ്റിക്‌സിലെ പാലക്കാടന്‍ കോട്ട തകര്‍ത്ത് മലപ്പുറം; ഓവറോള്‍ ചാമ്പ്യന്‍മാരായി തിരുവനന്തപുരം
കൊച്ചി: 66-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി തിരുവനന്തപുരം. വൈകീട്ട് നടക്കുന്ന സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കിരീടം സമ്മാനിക്കും. ഗെയിംസില്‍ 144 സ്വര്‍ണമടക്കം 1213 പോയിന്റോടെയാണ് തിരുവനന്തപുരം കായിക മേളയില്‍ കിരീടം സ്വന്തമാക്കിയത്. ഓവറോള്‍ നേട്ടത്തില്‍ 1926 പോയന്റാണ് തിരുവനന്തപുരം ജില്ലയ്ക്ക് ലഭിച്ചത്.
845 പോയിന്റുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തും 769 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമാണുള്ളത്. അതേസമയം അത്‌ലറ്റിക്‌സില്‍ മലപ്പുറത്തിന്റെ അമ്പരപ്പിക്കുന്ന കുതിപ്പാണ് ഇത്തവണ കായികമേളയില്‍ കണ്ടത്. അത്ലറ്റിക്സ് വിഭാഗത്തില്‍ മലപ്പുറം ചരിത്രത്തില്‍ ആദ്യമായി കിരീടത്തില്‍ മുത്തമിട്ടു. നാല് മത്സരങ്ങള്‍ കൂടി ബാക്കിനില്‍ക്കെ 231 പോയിന്റ് നേടിയതോടെയാണ് മലപ്പുറം കന്നി കിരീടം ഉറപ്പിച്ചത്.

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ 66 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് മലപ്പുറം കിരീടം നേടുന്നത്. അത്‌ലറ്റിക്‌സിലെ എറണാകുളത്തിന്റെയും പാലക്കാടിന്റെയും കോട്ടകള്‍ തകര്‍ത്തെറിഞ്ഞാണ് കൊച്ചിയിലെ സിന്തറ്റിക് ട്രാക്കില്‍ മലപ്പുറം പുതുചരിത്രമെഴുതിയിരിക്കുന്നത്. പാലക്കാട് ആണ് രണ്ടാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് എത്തിയ പാലക്കാടിന് 213 പോയിന്റാണ് ഉള്ളത്.
മൂന്നാമതുള്ള എറണാകുളത്തിന് 73 പോയിന്റുകളാണുള്ളത്. ഗെയിംസ് ഇനത്തില്‍ തൃശൂര്‍, കണ്ണൂര്‍ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മലപ്പുറം കടകശ്ശേരി ഐഡിയല്‍ സ്‌കൂളാണ് സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാമത്. നാവാമുകുന്ദ എച്ച് എസ് എസ് തിരുനാവായ രണ്ടാം സ്ഥാനത്തും കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ മൂന്നാം സ്ഥാനത്തും എത്തി. കഴിഞ്ഞ തവണ പാലക്കാടിനായിരുന്നു അത്‌ലറ്റ്ക്‌സില്‍ കിരീടം. മലപ്പുറം രണ്ടാമതും കോഴിക്കോട് മൂന്നാമതും ആയിരുന്നു.
എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ ആണ് സമാപന ചടങ്ങുകള്‍ നടക്കുന്നത്. മന്ത്രി വി ശിവന്‍ കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നടന്‍ വിനായകന്‍, ഫുട്ബോള്‍ താരം ഐഎം വിജയന്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications