സാറേ...75 ലക്ഷം ലോട്ടറി അടിച്ചു; ഞെട്ടലില്‍ അതിഥി തൊഴിലാളി ഓടിയെത്തിയത് പൊലീസ് സ്റ്റേഷനില്‍

മൂവാറ്റുപുഴ: ലോട്ടറി അടിച്ചാലുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല, അതും ഒന്നാം സമ്മാനം ആണെങ്കില്‍ പിന്നെ പറയേണ്ട. എപ്പോഴെങ്കിലും ഭാഗ്യം നമ്മളെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് നമ്മള്‍ ലോട്ടറി എടുക്കുന്നത്. ഇതോടൊപ്പം ലോട്ടറി അടിച്ച ഭാഗ്യവാന്മാരെ കുറിച്ചും നമ്മള്‍ കേള്‍ക്കാറുണ്ട്. അടുത്തിടെ ഓണം ബംബര്‍ അടിച്ച തിരുവനന്തപുരം സ്വദേശിയായ അനൂപീനെ കുറിച്ചുള്ള കഥ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരുന്നു.

സമ്മാനം അടിച്ച ഭാഗ്യവാന്റെ കഥ
എന്നാല്‍ ഇപ്പോഴിതാ ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ച ഭാഗ്യവാന്റെ കഥയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. കേരള പൊലീസ് തന്നെയാണ് ഈ ഭാഗ്യവാനെ കുറിച്ചുള്ള കഥ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് ലോട്ടറി അടിച്ചതിന് പിന്നാലെ ആദ്യം ഓടിയെത്തിയത് പൊലീസ് സ്റ്റേഷനിലേക്ക് ആയിയിരുന്നു.

ഞെട്ടലില്‍ അന്യസംസ്ഥാന തൊഴിലാളി
സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലില്‍ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക്. കൊല്‍ക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് ആണ് ലോട്ടറി അടിച്ച പരിഭ്രാന്തിയില്‍ പോലീസിന്റെ സഹായം തേടിയെത്തിയത്.

ലോട്ടറി തട്ടിയെടുക്കുമോ എന്ന ആശങ്ക
ഒന്നാം സമ്മാനം അടിച്ച കാര്യം അറിഞ്ഞപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ ബദേസ് നേരെ പോലീസ് സ്റ്റേഷനിലെത്തി പോലീസുദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. ആരെങ്കിലും തന്റെ കയ്യില്‍ നിന്നും ലോട്ടറി തട്ടിയെടുക്കുമോ എന്ന ആശങ്കയിലായിരുന്ന ബദേസിനെ പോലീസ് ഉദ്യോഗസ്ഥര്‍ ആശ്വസിപ്പിക്കുകയും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുകയും ചെയ്തു.

ടിക്കറ്റ് എടുത്തത് ചോറ്റാനിക്കരയില്‍ നിന്ന്
റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയപ്പോഴാണ് ഇയാള്‍ ലോട്ടറി എടുത്തത്. ഭാഗ്യമായി ലഭിച്ച പണവുമായി കൊല്‍ക്കത്തയിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ് ബദേസ്. ഇതാദ്യമായല്ല, അന്യ സംസ്ഥാന തൊഴിലാളികള്‍ ലോട്ടറി അടച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തുന്നത്. നേരത്തെ കേരളത്തിലെ പല ജില്ലകളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications