കേരള സ്റ്റോറീസ് സംഘപരിവാറിന്റെ ആസൂത്രിത നീക്കം; നിയമനടപടിയുടെ സാധ്യത പരിശോധിക്കും: സജി ചെറിയാന്‍
കേരള സ്റ്റോറീസ് സിനിമ മതസൗഹാർദ്ദ അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് സമൂഹത്തെ വിഷലിപ്തമാക്കാനുള്ള ലൈസൻസല്ല. സമൂഹത്തിൽ വിഷം കലർത്താനുള്ള നീക്കം ചെറുത്തു തോല്പിക്കും.കേരള സ്റ്റോറീസ് എന്ന പ്രൊപ്പഗാണ്ട സിനിമ മെയ് അഞ്ചിന് റിലീസ് ചെയ്യുകയാണ്. സിനിമയുടെ ട്രെയിലർ ഇപ്പോൾ റിലീസ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിൽ നിന്നും 32,000 വനിതകളെ ഭീകരവാദ പ്രവർത്തനത്തിന് വേണ്ടി റിക്രൂട്ട്‌മെന്റ് നടത്തി അവരെ ഉപയോഗിച്ചുകൊണ്ട് രാജ്യത്തെമ്പാടും, ലോകത്തെമ്പാടും ഭീകരവാദ പ്രവർത്തനം നടത്തി എന്നതാണ് സിനിമയുടെ ആശയം എന്നാണ് മനസിലാക്കുന്നത്. ഇത് വസ്തുതകൾക്ക് നിരക്കുന്നതോ സാമാന്യബുദ്ധി ഉള്ള ആരും അംഗീകരിക്കുന്നതോ ആയ കാര്യമല്ല. കേരളത്തെ അങ്ങേയറ്റം അപമാനിക്കുന്ന നീക്കമായി മാത്രമാണ് ഇതിനെ കാണാൻ സാധിക്കുക.

കേരളത്തിൽ ഇന്നുള്ള മതസൗഹാർദ്ദപരമായ അന്തരീക്ഷത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാറിന് വേണ്ടി തയ്യാറാക്കിയ ഒരു സിനിമയായിട്ടാണ് ഇതിനെ കാണുന്നത്. വിദ്വേഷത്തിന്റെ വിത്തുകൾ മുളപ്പിച്ച് ഗുജറാത്തിലും ത്രിപുരയിലും കർണാടകയിലും തുടങ്ങി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കലാപകലുഷിതമായ അന്തരീക്ഷത്തിലൂടെ രാഷ്ട്രീയ മുന്നേറ്റത്തിന് തയ്യാറെടുപ്പ് നടത്തി വിജയിച്ച ശൈലി കേരളത്തിലും നടപ്പാക്കാൻ വേണ്ടിയുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണ് ഈ സിനിമ എന്നതാണ് വസ്തുതയെന്നും മന്ത്രി പറയുന്നു.
ഇത് ഒരു കാരണവശാലും കേരളീയ സമൂഹം അംഗീകരിക്കാൻ പോകുന്നില്ല. രാജ്യത്തിന് തന്നെ മാതൃകയായി മതമൈത്രി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടുത്തെ ഹിന്ദു ആണെങ്കിലും മുസ്ലിമാണെങ്കിലും ക്രിസ്ത്യൻ ആണെങ്കിലും സാഹോദര്യമനോഭാവം നിലനിർത്തി ജീവിക്കുന്ന സ്ഥലമാണ് നമ്മുടെ നാട്. ഈ നാട് മുഴുവൻ ഭീകരവാദത്തിന്റെ വിളനിലം ആണെന്ന പ്രചാരണം ആര് നടത്തിയാലും ആര് ശ്രമിച്ചാലും വിജയിക്കുന്ന ഒരു സംസ്ഥാനമല്ല.
അത്തരം തെറ്റായ കാര്യങ്ങൾക്കെതിരായി ശക്തമായി നിലപാട് സ്വീകരിക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് കേരളം. ഈ സിനിമ കേരളത്തെ ഭിന്നിപ്പിക്കുന്നതിന് വേണ്ടി, കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ തെറ്റിദ്ധാരണയുണ്ടാക്കി വർഗീയത മുളപ്പിക്കാനും ഭാവിയിൽ രാഷ്ട്രീയനേട്ടമുണ്ടാക്കാനും ലക്ഷ്യം വെച്ചുകൊണ്ടുള്ള ആസൂത്രിത നീക്കം ആയിട്ടാണ് കാണുന്നത്.
ഇതിനെതിരെ ശക്തമായ വികാരം കേരളത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെ ഭാഗത്തുനിന്നും ഉയർന്നുവരണം. മതേതര കേരളം ഈ സിനിമയെ അവജ്ഞയോടെ തള്ളിക്കളയണം. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് സമൂഹത്തെ വിഷലിപ്തമാക്കാനുള്ള ലൈസൻസല്ല. ഇത്തരം തെറ്റായ പ്രചാരണങ്ങൾക്കെതിരെ നിയമനടപടികളുടെ ഉൾപ്പെടെ സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications