സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ നടത്താന്‍ തീരുമാനിച്ച സമരം മാറ്റിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ നടത്താന്‍ തീരുമാനിച്ച സമരം മാറ്റിവച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തിയതിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നാണ് ബസുടമകള്‍ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ജൂണ്‍ ഏഴ് മുതലാണ് സ്വകാര്യ ബസ് സമരം നടത്താന്‍ ഉടമകള്‍ തീരുമാനിച്ചത്. സ്വകാര്യ ബസുടമ സംയുക്തി സമര സമിതിയുടേതാണ് തീരുമാനം.
പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാലും വിദ്യാര്‍ത്ഥി കണ്‍സെഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15ന് ശേഷം മാത്രമേ സര്‍ക്കാരിന് ലഭിക്കുകയുള്ളൂ എന്നതിനെ തുടര്‍ന്നാണ് ബസ് സമരം മാറ്റിവച്ചതെന്ന് ബസുടമകള്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് അഞ്ച് രൂപയെങ്കിലുമാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

കൂടാതെ വിദ്യാര്‍ത്ഥികളുടെ സൗജന്യ നിരക്കിന് പ്രായപരിധി ഏര്‍പ്പെടുത്തണമെന്നും ഇപ്പോള്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്താന്‍ സമര സമിതി തീരുമാനിച്ചത്. 12 ബസ് ഉടമസ്ഥ സംഘടനയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം ആറിനാണ് വിദേശ യാത്രയ്ക്ക് പോകുന്നത്. ജൂണ്‍ 8 മുതല്‍ 18 വരെ നീളുന്ന യു എസ്, ക്യൂബ സന്ദര്‍ശനത്തിനാണ് മുഖ്യമന്ത്രി കേരളം വിടുന്നത്. യുഎസില്‍ ലോക കേരള സഭാ മേഖല സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പോകുന്നത്.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സഹകരണം ശക്തമാക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ക്യൂബയിലേക്കുള്ള യാത്ര. തിരിച്ചുവന്നതിന് ശേഷമാണ് കാര്യങ്ങളില്‍ തുടര്‍ നടപടികളിലേക്ക് കടക്കുകയെന്നാണ് ബസുടമകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചിരിക്കുന്നത്.
അതേസമയം, സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മിനിമം നിരക്ക് ഒരു രൂപയില്‍ നിന്ന് രണ്ട് രൂപയാക്കുമെന്നും പിന്നീടുള്ള ഫെയര്‍ സ്റ്റേജുകളില്‍ നിരക്ക് ഇരട്ടിയാക്കുമെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ തീരുമാനം ജൂലായില്‍ നടപ്പിലാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരക്ക് വര്‍ദ്ധന സംബന്ധിച്ച് കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തീരുമാനം. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടിയിട്ടില്ല. ചില സ്വകാര്യ ബസുകളില്‍ മിനിമം നിരക്ക് രണ്ട് രൂപയാക്കിയെന്ന ആക്ഷേപമുണ്ട്.












Click it and Unblock the Notifications