ഗെയ്ല്‍ കുട്ടപ്പന്‍ ചായക്കടയില്‍ സഹായി
കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് കണ്ടവരൊന്നും ഗെയ്ല്‍ കുട്ടപ്പനെന്ന കളിക്കാരനെ മറക്കാന്‍ ഇടയില്ല. കൂറ്റനടികളുടെ തോഴനായ വെസ്റ്റിന്റീസ് കളിക്കാരന്‍ ക്രിസ് ഗെയ്‌ലിനെ കാഴ്ചയിലും കളിയിലും അനുസ്മരിപ്പിക്കുന്ന ഗെയ്ല്‍ കുട്ടപ്പന്‍ എന്ന സുമേഷ് കേരള സ്‌ട്രൈക്കേഴ്‌സിനെ പലപ്പോഴും ഒറ്റയ്ക്ക്തന്നെ ചുമലിലേറ്റി.
മികച്ച ക്രിക്കറ്റ് താരമെന്ന നിലയില്‍ കേരളത്തിന്റെ കളിക്കാരനാകാന്‍ ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് ഗെയ്ല്‍ കുട്ടപ്പന്‍ മുഖം കാണിച്ചത്. എന്നാല്‍, പല ടീമുകളും സിനിമയില്‍ പ്രാധാന്യമില്ലാത്ത താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയതോടെ സിസിഎല്‍ അധികൃതര്‍ നിയമം പരിഷ്‌കരിച്ചു. സിനിമയില്‍ സഹതാരമായി അഭിനയിച്ച താരങ്ങളെ മാത്രമേ ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളു എന്നതായിരുന്നു നിയമം.

ഇതോടെ, കഴിഞ്ഞ സീസണില്‍ കുട്ടപ്പന് കേരള സ്‌ട്രൈക്കേഴ്‌സിനുവേണ്ടി പാഡണിയാന്‍ പറ്റിയില്ല. താരങ്ങളുടെ സുഹൃത്തും കളിക്കാരനുമൊക്കെയാണെങ്കിലും ഗെയ്ല്‍ കുട്ടപ്പന്‍ ഇപ്പോള്‍ അച്ഛന്‍ നടത്തുന്ന ചായക്കടയിലെ സഹായിയാണ്. ക്രിക്കറ്റിലും സിനിമയിലുമൊക്കെ മുഖം കാണിച്ചെങ്കിലും ജീവിക്കാന്‍ ചായക്കടതന്നെയാണ് കുട്ടപ്പന് ഇപ്പോള്‍ ആശ്വാസം.
സിസിഎല്‍ പുതിയ സീസണ്‍ അടുക്കുമ്പോള്‍ കുട്ടപ്പന്‍ വീണ്ടും ടീമിലെത്തുമോ എന്നൊന്നും ഉറപ്പില്ല. ഏതെങ്കിലും സിനിമയില്‍ സഹതാരമായി സജീവമായാല്‍ മാത്രമേ കുട്ടപ്പന്റെ കളി കാണാന്‍ മലയാളികള്‍ക്ക് സാധ്യമാകൂ. അവസരം കിട്ടിയാല്‍ സിനിമയില്‍ സജീവമാകണമെന്നും ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തണമെന്നുമാണ് കുട്ടപ്പന്റെ ഇപ്പോഴത്തെ ആഗ്രഹം.












Click it and Unblock the Notifications