കയറ്റുമതിയിൽ കുതിച്ച് കേരളം, നീതി ആയോഗ് റാങ്കിംഗിൽ വൻ മുന്നേറ്റം
കയറ്റുമതിയിൽ നീതി ആയോഗ് പട്ടികയിൽ മുന്നേറ്റം നടത്തി കേരളം. നീതി ആയോഗ് പുറത്ത് വിട്ട പുതിയ പട്ടികയിൽ കയറ്റുമതിക്ക് സജ്ജമായ രാജ്യത്തെ സംസ്ഥാനങ്ങളിൽ പതിനൊന്നാം സ്ഥാനത്താണ് കേരളമുളളത്. നേരത്തെ 19ാം സ്ഥാനത്ത് ആയിരുന്ന ഇടത്ത് നിന്നാണ് കേരളത്തിന്റെ ഈ കുതിപ്പ് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറയുന്നു.
അടുത്ത വർഷത്തെ റാങ്കിംഗ് വരുമ്പോൾ ആദ്യ പത്തിൽ കേരളത്തെ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അതിനായി പരിശ്രമിക്കുമെന്നും പി രാജീവ് വ്യക്തമാക്കി. കയറ്റുമതി രംഗത്തെ ഈ നേട്ടത്തിന് സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണയ്ക്കും മികച്ച മാർക്കാണ് കേരളത്തിനുളളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' കയറ്റുമതി കേരളത്തിന്റെ ശക്തമായ മുന്നേറ്റ മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് വെളിപ്പെടുത്തുന്നതാണ് പുതുതായി പ്രസിദ്ധീകരിച്ചിരിക്കുന്ന നിതി ആയോഗ് പട്ടിക. കയറ്റുമതിക്ക് സജ്ജമായിട്ടുള്ള സംസ്ഥാനങ്ങളിൽ കഴിഞ്ഞ പട്ടികയിൽ നാം 19ആം സ്ഥാനത്തായിരുന്നെങ്കിൽ പുതിയ പട്ടികയിൽ 11ആം സ്ഥാനത്തേക്ക് കുതിച്ച സന്തോഷം പങ്കുവെക്കുകയാണ്.

കയറ്റുമതിയിലെ വൈവിധ്യവൽക്കരണവും മാനവ വിഭവ ശേഷിയും എംഎസ്എംഇ ആവാസ വ്യവസ്ഥയുമുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ വിലയിരുത്തി തയ്യാറാക്കിയ പട്ടികയിലാണ് കേരളത്തിൻ്റെ കുതിപ്പ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെയും, ഭക്ഷ്യവിഭവങ്ങളുടെയും, കേരളത്തിൽ നിർമ്മിക്കുന്ന കപ്പലുകളുടെയും ബോട്ടുകളുടെയും, എസൻഷ്യൽ ഓയിലിൻ്റെയും, കുട്ടികളുടെ തുണിത്തരങ്ങളുടെ മേഖലയിലുമെല്ലാം ശ്രദ്ധേയമായ മുന്നേറ്റം നമുക്ക് സാധ്യമായി. ഒപ്പം കാപ്പിമേഖലയിലെ തിരിച്ചുവരവും ഈ പട്ടികയിൽ കാണാൻ സാധിക്കും.
സിംഗപ്പൂർ, യു എ ഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കേരളത്തിൽ നിന്ന് ഏറ്റവുമധികം കയറ്റുമതി നടക്കുന്നത്. ഇതിനായി ചെറുതും വലുതുമായ 19 തുറമുഖങ്ങളും, 5 കാർഗോ ടെർമിനലുകളും മറ്റ് മാർഗങ്ങളും നാം ഉപയോഗിക്കുന്നതായും സൂചിക പറയുന്നു. കയറ്റുമതി വർധനവിന് കാരണമാകുന്ന സംസ്ഥാന സർക്കാരിൻ്റെ നയപരവും ഭരണപരവുമായ പിന്തുണയ്ക്കും മികച്ച മാർക്കാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്.
വാണിജ്യമേഖലയ്ക്കായി ആരംഭിച്ച പ്രത്യേകമായ വകുപ്പും ഒപ്പം കേരളത്തിൻ്റെ കയറ്റുമതി നയവും ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് നാം കയറ്റുമതി പ്രോത്സാഹനത്തിനായി നടപ്പിലാക്കിയത്. അടുത്ത വർഷത്തെ റാങ്കിങ്ങിൽ ആദ്യ പത്തിനുള്ളിൽ എത്തിച്ചുകൊണ്ട് കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ നമുക്ക് സാധിക്കും. ഇതിനായി പരിശ്രമിക്കും''.












Click it and Unblock the Notifications