കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ ആയുര്‍വേദത്തിന്റെ ഹബ് ആക്കി മാറ്റുമെന്ന് ആരോഗ്യ മന്ത്രി

  • By Desk
Google Oneindia Malayalam News

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കണമെന്ന് പ്രവാസികള്‍. ലോകകേരളസഭയുടെ ഭാഗമായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറുടെ അദ്ധ്യക്ഷതയില്‍ നടന്ന ആരോഗ്യരംഗത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് നിര്‍ദ്ദേശമുണ്ടായത്. ആയുര്‍വേദത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ആയുര്‍വേദ ടൂറിസം പോളിസി സര്‍ക്കാര്‍ രൂപീകരിക്കണമെന്നും അഭിപ്രായമുണ്ടായി. മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍, ആയുര്‍വേദവും വിനോദസഞ്ചാരവും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കുടിയേറ്റം, കേരളീയര്‍ വിദേശത്ത് നടത്തുന്ന ആരോഗ്യസ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച.

അന്തര്‍ദേശീയ ഗവേഷണ കേന്ദ്രം

അന്തര്‍ദേശീയ ഗവേഷണ കേന്ദ്രം

ആയുര്‍വേദത്തെ പരിപോഷിപ്പിക്കുന്നതിന് അന്തര്‍ദേശീയ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നടപടി ആരംഭിച്ചതായും കേരളത്തെ ആയുര്‍വേദ ഹബ് ആക്കുകയാണ് ഉദ്ദേശമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്പെഷ്യാലിറ്റി ആശുപത്രിയും മ്യൂസിയവും അടങ്ങുന്ന ഗവേഷണ കേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്. ആയുഷ് മേഖലയിലെ ആശുപത്രികളെ വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയും വിധം മാറ്റാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിദേശത്തെ നഴ്സുമാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യരംഗം മാറും

ആരോഗ്യരംഗം മാറും

ആരോഗ്യമേഖലയിലെ ഇടപെടലിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന വിവിധ പദ്ധതികള്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ വിശദീകരിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത് ലാബുകളും ഒരു വര്‍ഷത്തിനകം സ്ട്രോക്ക് സെന്ററുകളും സ്ഥാപിക്കും. മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചി കാന്‍സര്‍ സെന്റര്‍ എന്നിവയെ ആര്‍. സി. സിയുടെ നിലവാരത്തിലേക്കുയര്‍ത്തും. കേരളത്തില്‍ കാന്‍സര്‍ ചികിത്സ നടത്തുന്ന സര്‍ക്കാര്‍ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും ഏകോപിപ്പിച്ച് കേരള കാന്‍സര്‍ കെയര്‍ ഗ്രിഡ് സ്ഥാപിക്കും. രോഗാണുപ്രതിരോധത്തിന് ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ലെവല്‍ ഒന്ന് ട്രോമ കെയര്‍ കേന്ദ്രങ്ങളും മറ്റു മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ലെവല്‍ രണ്ട് പരിചരണ കേന്ദ്രങ്ങളും സര്‍ക്കാര്‍ ആരംഭിക്കും.

മെഡിക്കല്‍ ടൂറിസം

മെഡിക്കല്‍ ടൂറിസം

മെഡിക്കല്‍ ടൂറിസം പദ്ധതി നടപ്പാക്കുമ്പോള്‍ ദന്തപരിചരണത്തേയും ഉള്‍പ്പെടുത്തണമെന്ന അഭിപ്രായം ചര്‍ച്ചയില്‍ ഉയര്‍ന്നു. വിദേശത്തേക്ക് ഹോം നഴ്സ് ജോലിക്കായി പോകുന്നവര്‍ക്ക് പരിശീലനം നല്‍കണം. ജിറിയാട്രിക് പരിചരണത്തില്‍ കേരളം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. അല്‍ഷിമേഴ്സ്, ഡിമന്‍ഷ്യ പ്രശ്നങ്ങളാവും കേരളം ഭാവിയില്‍ ആരോഗ്യരംഗത്ത് നേരിടാന്‍ പോകുന്ന വെല്ലുവിളികളിലൊന്നെന്ന അഭിപ്രായവും ഉണ്ടായി. ഇതിനെ നേരിടുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണം. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് പ്രത്യേക ആരോഗ്യപാക്കേജ് നടപ്പാക്കണം. സര്‍ക്കാര്‍ ആശുപത്രികളെ ശക്തിപ്പെടുത്തുന്നതിന് ശ്രീലങ്കന്‍ മാതൃക പിന്‍തുടരണം. ശ്രീലങ്കയില്‍ സര്‍ക്കാര്‍ ആശുപത്രികളിലാണ് മികച്ച ചികിത്സ സൗജന്യമായി ലഭിക്കുന്നത്.

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍

പഠനം നടത്തിയ സ്ഥാപനം വര്‍ഷങ്ങള്‍ക്കു ശേഷം പൂട്ടിപ്പോയ സാഹചര്യത്തില്‍ സൗദി അറേബ്യയിലെ ഒരു വിഭാഗം നഴ്സുമാര്‍ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന നിലപാട് സൗദി ആരോഗ്യ കൗണ്‍സില്‍ വ്യക്തമാക്കിതോടെ ഇവര്‍ക്ക് യാത്ര ചെയ്യാന്‍ പോലും അനുമതിയില്ലാതെ കുടുങ്ങിയിരിക്കുകയാണ്. ഔഷധിയുടെ മരുന്നുകള്‍ ആസ്ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അഭിപ്രായമുയര്‍ന്നു. ആയുഷ് സെക്രട്ടറി ശ്രീനിവാസ്, ആരോഗ്യദൗത്യം ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, എ. എന്‍. ഷംസീര്‍ എം. എല്‍. എ, കെ. സോമപ്രസാദ് എം. പി, ഗീതാ ഗോപിനാഥ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

English summary
Loka Kerala Sabha, an initiative by the Kerala Left Front government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X