കുമ്മനവും സുരേന്ദ്രനും സുരേഷ് ഗോപിയുമല്ല.. അത് അൽഫോൺസ് കണ്ണന്താനം.. മോദി മന്ത്രിസഭയിലെ ആദ്യ മലയാളി!!
ദില്ലി: ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ, സിനിമാതാരവും എം പിയുമായ സുരേഷ് ഗോപി, പാർട്ടിയുടെ യുവരക്തം കെ സുരേന്ദ്രൻ.. ഇങ്ങനെ പ്രതീക്ഷിക്കപ്പെട്ട പല പേരുകളും തള്ളിയാണ് അൽഫോൺസ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുന്നത്. മോദി സർക്കാരിലേക്കുള്ള ആദ്യ മലയാളിയാണ് 64കാരനായ അൽഫോൺസ് കണ്ണന്താനം.

കേരളത്തിന് ഒരു മന്ത്രി
കോൺഗ്രസ് നയിച്ച സർക്കാരുകളില്‍ ഇഷ്ടം പോലെ മന്ത്രിമാർ കേരളത്തിന് ഉണ്ടായിട്ടുണ്ട്. എന്നാൽ ബി ജെ പിയുടെ കഥ അതല്ല. വാജ്പേയ് സർക്കാരിന്റെ കാലത്ത് സഹമന്ത്രിയായിരുന്ന ഒ രാജഗോപാലിൽ ഒതുങ്ങും ആ പട്ടിക. ചരിത്രവിജയവുമായി നരേന്ദ്ര മോദി അധികാരത്തിൽ കയറിയെങ്കിലും കേരളത്തിൽ നിന്നും ഒരു എം പി ഉണ്ടായിരുന്നില്ല. ആ കുറവാണ് അൽഫോൺസ് കണ്ണന്താനം നികത്താൻ പോകുന്നത്.

സത്യപ്രതിജ്ഞ ഇന്ന്
മലയാളിയായ അൽഫോൺസ് കണ്ണന്താനം അടക്കം ഒമ്പത് പേരാണ് മോദി സർക്കാരിൽ ഇന്ന് (സെപ്തംബർ 3 ഞായറാഴ്ച) സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്. പ്രധാനപ്പെട്ട പല വകുപ്പുകളിലും അഴിച്ചുപണിയും മാറ്റങ്ങളും ഉണ്ടാകും. അൽഫോൺസ് കണ്ണന്താനത്തിന് ഏത് വകുപ്പാണ് ലഭിക്കുക എന്ന കാര്യം ഇപ്പോൾ വ്യക്തമല്ല.

എം പിയല്ലാത്ത മന്ത്രി
നരേന്ദ്രമോദി മന്ത്രിസഭയിലേക്കുള്ള കേരളത്തിന്റെ ആദ്യ പ്രതിനിധിയായ അൽഫോൺസ് കണ്ണന്താനം പക്ഷേ നിലവിൽ എം പിയല്ല. ആറ് മാസം കൊണ്ട് ലോക്സഭയിലേക്കോ രാജ്യസഭയിലേക്കോ തിരഞ്ഞെടുക്കപ്പെട്ടാൽ മതി, എം പി അല്ലാതെയും മന്ത്രിയാകാം. രാജ്യസഭ വഴിയാകും അൽഫോൺസ് കണ്ണന്താനം പാർലമെന്‍റിൽ ഇരിപ്പുറപ്പിക്കുക എന്ന് വേണം കരുതാൻ.

ദില്ലി റിക്രൂട്ട്മെന്റ്?
കേരളത്തിലെ പല പ്രധാനപ്പെട്ട പേരുകളും തള്ളിയാണ് അൽഫോൺസ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അടുപ്പമാണ് ഇതിന് പിന്നിലെന്നാണ് പരക്കെ കരുതപ്പെടുന്നത്. ഗോവ മുഖ്യമന്ത്രിയായ മനോഹർ പരീക്കറിന്റെ ഒഴിവിലാകും കണ്ണന്താനം രാജ്യസഭയിലും കേന്ദ്രമന്ത്രിസഭയിലും എത്തുക.












Click it and Unblock the Notifications