കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേ ഭാരത് ഉടൻ? ഓണത്തിനെന്ന് സൂചന; ക്രൂ പരിശീലനത്തിൽ
കണ്ണൂർ: കേരളത്തിനുള്ള രണ്ടാമത്തെ വന്ദേഭാരത് ഓണത്തിന് എത്തിയേക്കുമെന്ന് സൂചന. തിരുവനന്തപുരം - മംഗളൂരു റൂട്ടിൽ ആയിരിക്കും ഓടുക എന്നാണ് വിവരം. ഈ റൂട്ടിൽ ഓടുന്ന ചില വണ്ടികളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതും ഇതിന്റെ സൂചനയായി വിലയിരുത്തുന്നുണ്ട്. മംഗളൂരുവിൽ ആണ് പിറ്റ് ലൈൻ സജ്ജമാക്കിയിരിക്കുന്നത്.
ലോക്കോ പൈലറ്റുമാർക്ക് ഉൾപ്പെടെ ചെന്നൈയിൽ പരിശീലനം തുടങ്ങിയെന്നാണ് വിവരം. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി (12082), ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് (16307) തുടങ്ങിയ വണ്ടികളുടെ സമയം പുനഃക്രമീകരിച്ചതായാണ് വിവരം. ജനശതാബ്ദി രാത്രി 12.25- ന് പകരം 12.50-നാണ് കണ്ണൂരിൽ എത്തുക. എക്സിക്യൂട്ടീവ് ( 16307 ) കുറ്റിപ്പുറം മുതൽ 30 മിനുട്ട് വരെ വൈകും. കണ്ണൂരിൽ രാത്രി 11. 10 ന് തന്നെ എത്തും.

നിലവിൽ കേരളത്തിലെ വന്ദേ ഭാരത് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5. 20 നാണ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1. 20 ന് കാസർഗോഡ് എത്തും. രണ്ടാമത്തെ വന്ദേഭാരത് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന രീതിയിലാണ് ആലോചിക്കുന്നത്. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തും. തിരിച്ച് രാത്രി 11 മണിയോടെ മംഗളൂരുവിൽ എത്തുന്ന രീതിയിലാണ് സമയക്രമം. മംഗളൂരുവിൽ വന്ദേ ഭാരതിനായുള്ള വൈദ്യുതി ലൈൻ വലിച്ച പിറ്റ് ലൈൻ സജ്ജമായിട്ടുണ്ട്.
പിറ്റ്ലൈൻ സജ്ജമായി
മംഗളൂരുവിൽ വന്ദേ ഭാരതിന് വേണ്ടി വൈദ്യുതിലൈൻ വലിച്ച പിറ്റ്ലൈൻ സജ്ജമായി. നിലവിൽ മംഗളൂരുവിൽ അറ്റകുറ്റപ്പണിക്ക് മൂന്ന് പിറ്റ്ലൈനുണ്ട്. ഇവയിൽ ഒന്നിലാണ് ഓവർ ഹെഡ് ലൈൻ വലിച്ചത്. ചെറിയ അറ്റകുറ്റപ്പണക്കായി മംഗളൂരുവിൽ 11000/750 വോൾട്ട് സബ്സ്റ്റേഷനുമുണ്ട്. നിലവിൽ കൊച്ചുവേളിയിൽ ആണ് അറ്റകുറ്റപ്പണിക്കുള്ള സൗകര്യമുള്ളത്. വന്ദേ ഭാരത് ക്രൂ പരിശീലനത്തിൽ ആണ്.
പാലക്കാട് ഡിവിഷനിൽ നിന്നുള്ള രണ്ട് ലോക്കോ പൈലറ്റുമാർക്ക് ചെന്നൈ ആവഡയിൽ പരിശീലനം തുടങ്ങി. സാങ്കേതിക കാര്യങ്ങൾ നോക്കുന്ന മെക്കനിക്കൽ വിഭാഗവും ചെന്നൈയിൽ ഇപ്പോൾ പരിശീലനത്തിലാണ്. അതേസമയം, രാജ്യത്ത് ഒട്ടാകെ ഓടുന്ന വന്ദേ ഭാരതിൽ എക്സ്പ്രസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനം കേരളത്തിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനിനാണ്. കാസർഗോഡ് - തിരുവനന്തപുരം വന്ദേ ഭാരത് സർവീസ് ആണ് ഒന്നാം സ്ഥാനം.












Click it and Unblock the Notifications