ആരോഗ്യത്തിൽ നമ്പർ വൺ ആയി കേരളം! കേരളത്തെ ഉപദേശിച്ച യോഗിയുടെ യുപി പിന്നിൽ, നീതി ആയോഗ് റിപ്പോർട്ട്
Recommended Video
ദില്ലി: ആരോഗ്യ മേഖലയില്‍ വീണ്ടും നമ്പര്‍ വണ്‍ ആയി കേരളം. നീതി ആയോഗ് പുറത്ത് വിട്ട ആരോഗ്യ സൂചിക റിപ്പോര്‍ട്ടിലാണ് കേരളം ഒന്നാം സ്ഥാനത്തുളളത്. ഉത്തര്‍ പ്രദേശാണ് ഈ പട്ടികയില്‍ ഏറ്റവും പിറകിലുളളത്. ബീഹാറും ഏറ്റവും പിറകിലാണ്. കേരളത്തോട് ഉത്തര്‍ പ്രദേശിലെ ആര്യോഗ പരിപാലനം നോക്കി പഠിക്കാന്‍ നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉപദേശിച്ചിരുന്നു. നേരത്തെ മുതല്‍ക്കേ തന്നെ രാജ്യത്തെ ആരോഗ്യരംഗത്ത് കേരളം മാതൃകയാണ്. കേരളത്തിന് തൊട്ട് പിന്നിലായി ആന്ധ്ര പ്രദേശാണുളളത്.
ശിശുമരണ നിരക്ക് കുറയ്ക്കുന്നതിന് രാജ്യം 2030ല്‍ ലക്ഷ്യം വെക്കുന്ന നേട്ടം കേരളം ഇപ്പോള്‍ തന്നെ സ്വന്തമാക്കിയിട്ടുണ്ടെന്നും നീതി ആയോഗ് റിപ്പോര്‍ട്ട് പറയുന്നു. ആരോഗ്യരംഗത്ത് കേരളം ഒന്നാമത് എത്തുന്നത് സംസ്ഥാനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
'ദേശീയ ആരോഗ്യ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം വീണ്ടും ഒന്നാമതെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വേള്‍ഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. ആന്ധ്രാപ്രദേശും മഹാരാഷ്ട്രയുമാണ് മികച്ച പ്രകടനം കാഴ്ചവെച്ച രണ്ടും മൂന്നും സ്ഥാനത്തെത്തിയ സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശും ബീഹാറുമാണ് ആരോഗ്യ രംഗത്ത് ഏറ്റവും മോശം അവസ്ഥയിലുള്ളത്. 2017-18 വരെയുള്ള കാലയളവ് വിലയിരുത്തിയാണ് രണ്ടാംഘട്ട ആരോഗ്യ സൂചിക കണക്കാക്കിയത്.

സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് നീതി ആയോഗ് ആരോഗ്യ സൂചിക തയ്യാറാക്കിയത്. ആരോഗ്യമേഖലയിലെ ഫലസൂചികകള്‍, ഭരണപരമായ സൂചികകള്‍, ആരോഗ്യ സംവിധാനത്തിന്റെ ദൃഢത എന്നിവ 23 സൂചികകളിലൂടെ പരിശോധിച്ചാണ് റാങ്കിങ്ങ് നടത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ നവജാത ശിശു മരണ നിരക്കും 5 വയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കും കേരളത്തിലാണ്. ഇതിലൂടെ രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കേരളം കൈവരിച്ചിരിക്കുകയാണ്. രോഗപ്രതിരോധ കുത്തിവയ്പ്, ആശുപത്രികളില്‍ വെച്ചുള്ള പ്രസവം, ജനനസമയത്തെ സ്ത്രീപുരുഷ അനുപാതം എന്നിവയിലും കേരളം മികച്ച നിലയിലാണ്.
ആരോഗ്യ സൂചികയില്‍ വീണ്ടും കേരളം മുന്നിലെത്തിയത് ആരോഗ്യ മേഖലയില്‍ സംസ്ഥാനം നടത്തുന്ന വലിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ ആശുപത്രികളിലും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി രോഗീസൗഹൃദവും മികവിന്റെ കേന്ദ്രങ്ങളുമാക്കി വരികയാണ്. നിപ വൈറസ് ബാധ, പ്രളയം, ഓഖി എന്നീ സമയങ്ങളില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്'.












Click it and Unblock the Notifications