കേരളത്തില്‍ ആണവവൈദ്യുത നിലയം സ്ഥാപിക്കുന്നു? ചര്‍ച്ച പോലുമായില്ലെന്ന് മന്ത്രി, പക്ഷെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ആണവവൈദ്യുത നിലയം സ്ഥാപിക്കുന്നതിന് ശ്രമം നടക്കുന്നതായുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. ഇത് സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറയുന്നത്. എന്നാല്‍ ആണവവൈദ്യുത നിലയം സ്ഥാപിക്കുന്നതിന് വേണ്ട ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
മനോരമ ന്യൂസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പങ്ക് വെക്കുന്നത്. കൂടംകുളത്ത് ആണവനിലയം സ്ഥാപിച്ചിട്ടുള്ള കമ്പനി രണ്ട് മാസം മുന്‍പ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു എന്നും സ്ഥലം കണ്ടെത്തി നല്‍കിയാല്‍ ആണവ നിലയം സ്ഥാപിക്കാമെന്നാണ് വാഗ്ദാനം എന്നും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്.

വൈദ്യുതി ലഭ്യതയുടെ പുതിയ വഴികള്‍ തേടുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ മുന്നോട്ടുവച്ച ആശയങ്ങളിലാണ് ആണവനിലയവും ഉള്ളത് എന്നും സര്‍ക്കാര്‍ നയപരമായി എടുക്കേണ്ട കാര്യമാണിത് എന്നുമാണ് മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തിനു കുറഞ്ഞ വിലയ്ക്ക് 450 മെഗാവാട്ട് വൈദ്യുതി കൂടംകുളത്ത് നിന്നോ രാജസ്ഥാനിലെ ആണവ വൈദ്യുത പദ്ധതിയില്‍ നിന്നോ ഉടന്‍ ലഭിക്കുന്നതിന്റെ സാധ്യത ന്യൂക്ലിയര്‍ കോര്‍പറേഷനുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിരുന്നു.
കഴിഞ്ഞ മാസം 15 ന് മുംബൈയില്‍ വെച്ചായിരുന്നു ഇതുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നത്. 'ഭാവിനി' ചെയര്‍മാനുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനിരിക്കുകയായിരുന്നു എന്നാണ് വിവരം. ആണവ വൈദ്യുതി നിലയത്തിനായി അതിരപ്പിള്ളി, ചീമോനി ഉള്‍പ്പടെയുള്ള സ്ഥലങ്ങളാണ് കെ എസ് ഇ ബിയുടെ പരിഗണനയിലുള്ളത് എന്നാണ് വിവരം.
ആണവ വൈദ്യുത പദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും എന്നതിനാലാണ് കേരളവും ഇതിന് താല്‍പര്യം പ്രകടിപ്പിച്ചത്. 2030 ഓടെ കേരളത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി 10,000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കേണ്ടി വരും എന്നാണ് കെ എസ് ഇ ബിയുടെ വിലയിരുത്തല്‍. സംസ്ഥാനത്തെ വൈദ്യുതിനിലയങ്ങളുടെ സ്ഥാപിത ഉല്‍പാദന ശേഷി 3200 മെഗാവാട്ടാണ്.
എന്നാല്‍ പരമാവധി 1800 മെഗാവാട്ട് ആണ് ഉല്‍പാദനം. 220 മെഗാവാട്ടിന്റെ 2 പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം എന്ന് കെ എസ് ഇ ബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ പറഞ്ഞു. 7000 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. പദ്ധതിയുടെ 60% തുക കേന്ദ്രം ഗ്രാന്റായി നല്‍കണം എന്നാണ് കെ എസ് ഇ ബിയുടെ ആവശ്യം. ബിജു പ്രഭാകറും രണ്ട് ഡയറക്ടര്‍മാരുമാണ് ആദ്യഘട്ട ചര്‍ച്ചയില്‍ പങ്കെടുത്തത്.
നിലവില്‍ 13000 കോടി രൂപയുടെ വൈദ്യുതിയാണ് പ്രതിവര്‍ഷം കേരളം വാങ്ങുന്നത്. ജലവൈദ്യുതി പദ്ധതി തുടങ്ങാന്‍ പരിസ്ഥിതി പ്രശ്‌നങ്ങളും കാലതാമസവും നേരിടുന്നതും സോളര്‍ പദ്ധതിയില്‍ പകല്‍ മാത്രമേ വൈദ്യുതി ലഭിക്കൂ എന്നതും കാറ്റില്‍ നിന്നുള്ള പദ്ധതി ഫലപ്രദമല്ല എന്ന വിലയിരുത്തലുമാണ് ആണവ പദ്ധതിയിലേക്ക് തിരിയാന്‍ കാരണം.












Click it and Unblock the Notifications