നിഖില്‍ തോമസിന് കേരള സര്‍വകലാശാലയുടെ ആജീവനാന്ത വിലക്ക്
തിരുവനന്തപുരം: വ്യാജ ഡിഗ്രി കേസിലെ പ്രതിയും മുന്‍ എസ്എഫ്‌ഐ നേതാവുമായ നിഖില്‍ തോമസിന് കേരള സര്‍വകലാശാലയുടെ ആജീവനാന്ത വിലക്ക്. സര്‍വകലാശാല സിന്‍ഡിക്കേറ്റാണ് തീരുമാനമെടുത്തത്. ഇതോടെ നിഖിലിന് ഇനി കേരള സര്‍വകലാശാലയില്‍ പഠിക്കാനോ പരീക്ഷ എഴുതാനോ സാധിക്കില്ല.
അതേസമയം നിഖില്‍ പഠിച്ച എംഎസ്എം കോളേജിലെ അധ്യാപകരെയും, അധികാരികളെയും വിളിച്ചുവരുത്തും. രജിസ്ട്രാറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയും വിശദീകരണം തേടും. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് പ്രത്യേക സെല്‍ രൂപീകരിക്കും. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കും.

നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് നിഖില്‍. കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള നിഖിലിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ സര്‍ട്ടിഫിക്കറ്റ് നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ പെട്ടെന്ന് ഒളിവില്‍ പോയതിനാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഒളിപ്പിക്കാനായില്ലെന്നാണ് പോലീസ് കരുതുന്നത്.
നേരത്തെ സിപിഎം ജില്ലാ കമ്മിറ്റിയും നിഖിലിനോട് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് നിഖില്‍ നല്‍കിയത്. യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാലയുടെ പക്കലാണെന്നായിരുന്നു നിഖില്‍ പറഞ്ഞത്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് അറിഞ്ഞതോടെ നിഖിലിനെയും, എസ്എഫ്‌ഐയും സിപിഎമ്മും പുറത്താക്കിയിരുന്നു.












Click it and Unblock the Notifications