പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ച് കേരള സര്‍വകലാശാല; കെ-റീപ്പ് സോഫ്റ്റ്‌വെയര്‍ പൂര്‍ണമായി പിന്‍വലിക്കും
ഗുരുതരമായ അപാകതകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ചില പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ച് കേരള സര്‍വകലാശാല. ഒന്ന്, നാല് സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷാ ഫലങ്ങളാണ് പിന്‍വലിച്ചിരിക്കുന്നത്. പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും വലിയ തോതില്‍ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സിന്‍ഡിക്കേറ്റ് യോഗത്തിന് ശേഷമാണ് പരീക്ഷാ ഫലങ്ങള്‍ പിന്‍വലിക്കുന്നതടക്കമുള്ള നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നത്.
കൂടാതെ പരീക്ഷാ നടത്തിപ്പിനായി ഉപയോഗിച്ചിരുന്ന 'കെ-റീപ്പ്' എന്ന സോഫ്റ്റ്വെയര്‍ പൂര്‍ണമായി പിന്‍വലിക്കാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം പുറത്തുവന്ന കേരള സര്‍വകലാശാലയുടെ നാല് വര്‍ഷ ബിരുദ പരീക്ഷാഫലത്തില്‍ ആണ് ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടത്. നാലാം സെമസ്റ്റര്‍ ഫലത്തിലും ഒന്ന്, രണ്ട് സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷാഫലത്തിലുമാണു പിഴവ്.

60 ശതമാനം മാര്‍ക്കും ബി പ്ലസ് ഗ്രേഡുമുള്ള വിദ്യാര്‍ഥി തോറ്റതായാണ് ഫലത്തില്‍ രേഖപ്പെടുത്തിയത്. സര്‍വകലാശാലയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ കെ-റീപ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താല്‍ പരീക്ഷാഫലവും മാര്‍ക്ക്ലിസ്റ്റും കിട്ടും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ വെബ്‌സൈറ്റില്‍ പലരുടെയും പരീക്ഷാഫലവും മാര്‍ക്ക്ലിസ്റ്റും കാണാനില്ല. സപ്ലിമെന്ററി പരീക്ഷയെഴുതിയ കുട്ടികളുടെ നേരത്തേ ജയിച്ച വിഷയങ്ങളുടെ മാര്‍ക്കും നഷ്ടപ്പെട്ടിട്ടുണ്ട്.
ചിലര്‍ക്ക് പൂജ്യം മാര്‍ക്കാണ് രേഖപ്പെടുത്തിയത് എന്നും ആക്ഷേപമുയര്‍ന്നിരുന്നു. മുന്‍സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച നാല് വര്‍ഷ ബിരുദം അഞ്ചാം സെമസ്റ്ററിലേക്കു കടക്കുകയാണ്. നാല് സെമസ്റ്ററുകളുടെ പരീക്ഷാഫലം ഇതിനോടകം പ്രസിദ്ധീകരിച്ചെങ്കിലും റിസല്‍റ്റോ മാര്‍ക്ക്ലിസ്റ്റോ വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഡിജിലോക്കറില്‍നിന്നോ പോര്‍ട്ടലില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്യാമെന്നാണ് സര്‍വകലാശാല പറയുന്നത്.
എന്നാല്‍ കെ-റീപ് പോര്‍ട്ടല്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തത് കാരണം ഡിജിലോക്കറില്‍ ഫലം ലഭ്യമല്ല. എസ് എല്‍ സി എം പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിരുന്ന പരീക്ഷാഫലം കെ-റീപിലേക്കു മാറ്റിയതോടെ പഴയ പോര്‍ട്ടലിലുണ്ടായിരുന്ന ഡാറ്റ കാണാതായി. കെ-റീപ് കൊണ്ടുവന്നതും മുന്‍സര്‍ക്കാരാണ്. ഇടത് അധ്യാപക സംഘടനകള്‍ തന്നെ കെ-റീപ് കാലഹരണപ്പെട്ട സോഫ്റ്റ്വേറാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
മുന്‍സര്‍ക്കാരിന്റെ കാലത്ത് വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് കെ-റീപ് നടപ്പാക്കിയത് എന്നും എന്തായാലും പ്രശ്‌നം പരിഹരിക്കും എന്നും കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


Click it and Unblock the Notifications
