കെഎസ്ആർടിസി ജീവനക്കാരെ പിരിച്ച് വിടേണ്ടി വരും; ശമ്പളവും പെൻഷനും കൊടുക്കാനില്ല - ആൻറണി രാജു
തിരുവനന്തപുരം: കെഎസ്ആർടിസി പ്രതിസന്ധിയിൽ പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു. ഈ പ്രതിസന്ധി ഇനിയും തുടർന്ന് പോയാൽ ഉദ്യോഗസ്ഥരെ നിലനിർത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാകും എന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധി തുടർന്നാൽ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരും. ഇനി വരുന്ന മാസങ്ങളിൽ ജീവനക്കാർക്ക് കൃത്യമായ രീതിയിൽ ശമ്പളം നൽകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ദിവസേന ഉണ്ടാകുന്ന ഇന്ധന വിലയിൽ വർധനവ് പ്രതിസന്ധിക്ക് കാരണമായെന്ന് ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി. ഈ നിലയിൽ മുന്നോട്ടു പോകാൻ സാധിക്കില്ല. വരുന്ന മാസങ്ങളിൽ പെൻഷൻ , ശമ്പള വിതരണം എന്നിവ മുടങ്ങിയേക്കും. പ്രതിസന്ധി മോശം ആകുന്ന സാഹചര്യത്തിൽ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനി കെ എസ് ആർ ടി സിയ്ക്ക് നേട്ടമാകും. പത്ത് വർഷം കഴിഞ്ഞാൽ സ്വിഫ്റ്റിന്റെ മുഴുവൻ ആസ്തിയും കെ എസ് ആർ ടി സി ക്ക് ലഭിക്കും എന്ന് മന്ത്രി പറഞ്ഞു. എന്നാൽ , കെ എസ് ആർ ടി സിയുടെ ഈ പ്രതിസന്ധിയ്ക്ക് കാരണം സർക്കാർ തെറ്റായി സ്വീകരിക്കുന്ന നയം ആണെന്ന് കെ എസ് ആർ ടി ജീവനക്കാരുടെ പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി.
അതേസമയം, കെ എസ് ആർ ടി പ്രതിസന്ധി വിഷയം തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ വിലയിരുത്തും. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണർ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, ബസ്, ഓട്ടോ, ടാക്സി ചാർജ് വർധനവ് വിഷയത്തിൽ സർക്കാറിന്റെ ഉത്തരവ് ഈ ആഴ്ച ഉണ്ടാകും എന്നാണ് റിപ്പോർട്ട്. നിരക്ക് വർധന വിഷയത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജുവിനെ ബസ് ഉടമകൾ നേരിട്ട് കണ്ടിരുന്നു. പുതിയ നിരക്ക് വർധന ഉത്തരവ് ഉടൻ പുറത്തിറക്കണം. വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റം വരുത്തണം എന്നീ ആവശ്യങ്ങളാണ് ഗതാഗത വകുപ്പ് മന്ത്രിക്ക് മുന്നിൽ ബസ് ഉടമകൾ ഉന്നയിച്ചിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി വിഷയം വീണ്ടും ചർച്ച നടത്താമെന്ന് ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. ഉത്തരവ് പുറത്തിറങ്ങിയാൽ മാത്രമാണ് വർധനവ് പ്രാബല്യത്തിൽ ആക്കാൻ കഴിയുക. സ്റ്റേജ് ഉൾപ്പടെ നിശ്ചയിക്കേണ്ടതുണ്ട്. ഇതിന് ശേഷം ആണ് ഉത്തരവ് പുറത്തിറങ്ങുന്നത്.
Recommended Video

അതേസമയം, ഓട്ടോ, ടാക്‌സി, ബസ് യാത്രാ നിരക്കുകള്‍ ഉയർത്താൻ സംസ്ഥാന സര്‍ക്കാര്‍ ഇക്കഴിഞ്ഞ മാർച്ച് 30 - നാണ് തീരുമാനിച്ചത്. എല്‍ഡിഎഫ് യോഗത്തിലാണ് നിരക്കുകള്‍ വര്‍ധിപ്പിക്കാൻ ശുപാര്‍ശ ചെയ്തത്. എട്ട് രൂപ എന്ന മിനിമം ചാർജ്ജിൽ നിന്ന് 10 രൂപയാക്കി ആണ് ബസ് ചാര്‍ജ് വർധിപ്പിച്ചത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ആയിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. മിനിമം ചാർജ് ഉയർത്തി എങ്കിലും വിദ്യാര്‍ഥികളുടെ കൺസെഷൻ നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല.
എന്നാൽ, നിരക്ക് ഉയർത്തണം എന്ന ആവശ്യം ഇന്നും ബസ് ഉടമകൾ ഉന്നയിക്കുകയായിരുന്നു. ബസുടമകളുടെ ഈ ആവശ്യം ന്യായമാണെന്നും ഇത് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റം ഉണ്ടാകില്ലെന്നാണ് എൽഡിഎഫ് യോഗത്തിൽ തീരുമാനം ആയത്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് എൽഡിഎഫ് തീരുമാനം എടുത്തത്. എൽഡിഎഫ് കൺവീനർ എ. വിജയരാഘവനായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. മിനിമം ചാർജ് 12 രൂപയാക്കണം എന്നതായിരുന്നു ബസ് ഉടമകളുടെ ആവശ്യം. എന്നാൽ, ബസ്സുടമകളുടെ ഈ ആവശ്യം എൽഡിഎഫ് യോഗം തള്ളുകയാണ് ചെയ്തത്.












Click it and Unblock the Notifications