ഇങ്ങനെ പോയാന്‍ പച്ചക്കറി, ഫ്രൂട്ട്‌സ് വില കുറയും; നാട് പട്ടിണിയിലാകും, ഗള്‍ഫ് കയറ്റുമതി നിലച്ചു
കേരളത്തില്‍ നിന്നുള്ള കയറ്റുമതി മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഗള്‍ഫിലേക്കുള്ള കയറ്റുമതി തീര്‍ത്തും നിലച്ച മട്ടാണ്. റമദാനില്‍ വലിയ തോതിലുള്ള ആവശ്യം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ യുദ്ധം ആയതിനാല്‍ കയറ്റുമതി ചെയ്യാന്‍ മാര്‍ഗമില്ല. ഇതോടെ കേരളത്തിലെ പഴം, പച്ചക്കറി കയറ്റുമതിക്കാരും കര്‍ഷകരുമാണ് പ്രതിസന്ധിയിലായത്.
കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി 150 ടണ്‍ പഴം, പച്ചക്കറികളാണ് ഓരോ ദിവസവും ഗള്‍ഫിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇപ്പോള്‍ പകുതിയില്‍ താഴെയായി കുറഞ്ഞു. വിമാന സര്‍വീസ് നിലച്ചതാണ് കാരണം. ചാര്‍ട്ടേഡ് വിമാനത്തില്‍ കയറ്റി അയക്കുന്നതിന് അഞ്ചിരട്ടി ചെലവ് വരുന്നു. ഇത് വില്‍ക്കുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്ന വില ഈടാക്കേണ്ടി വരും. വാങ്ങാന്‍ ആളില്ലാതെയാകുകയും ചെയ്യും.

ജിസിസി രാജ്യങ്ങള്‍ പ്രതിസന്ധിയിലാകുമ്പോള്‍ ആദ്യം വെട്ടിലാകുന്നത് പ്രവാസികളാണ്. പലര്‍ക്കും ജോലി നഷ്ടമായേക്കാം. ശമ്പളം കൃത്യമായി ലഭിക്കണം എന്നില്ല. ജീവഭയം എപ്പോഴും നിലനില്‍ക്കുന്നു. നാട്ടിലേക്കുള്ള വരവും തിരിച്ചുപോക്കും പ്രതിസന്ധിയാകും. പണം അയക്കുന്നതിനും തടസം നേരിടും. ഇത് നാട്ടിലെ വിപണിയെയും സാരമായി ബാധിക്കും.
അതേസമയം, പ്രതിസന്ധിയിലാകുന്ന മറ്റൊരു കൂട്ടര്‍ കയറ്റുമതിക്കാരാണ്. ഒപ്പം കര്‍ഷകരും. സംസ്ഥാനത്ത് നിന്നുള്ളതിന് പുറമെ കമ്പം, തേനി മേഖലയില്‍ നിന്നുള്ള പഴവും പച്ചക്കറിയുമാണ് കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഇതാണ് തടസപ്പെട്ടിരിക്കുന്നത്. പഴവും പച്ചക്കറിയും വേഗത്തില്‍ എത്തിക്കേണ്ടതായതിനാല്‍ വിമാന മാര്‍ഗത്തിനാണ് പ്രഥമ പരിഗണന.
വിമാന സര്‍വീസുകള്‍ നിലച്ചതും ഹോര്‍മുസ് വഴിയുള്ള കപ്പല്‍ യാത്ര അസാധ്യമായതുമാണ് വെല്ലുവിളി. ചാര്‍ട്ടേഡ് വിമാനത്തില്‍ കയറ്റുമതി ചെയ്യുന്നതിന് ഉയര്‍ന്ന നിരക്ക് കൊടുക്കേണ്ടി വരും. കയറ്റുമതി അസാധ്യമാകുന്വോള്‍ മുന്നിലുള്ള ഏക പോംവഴി നാട്ടില്‍ തന്നെ വിറ്റഴിക്കുക എന്നതാണ്. ഇതോടെ നാട്ടിലെ വിപണിയില്‍ പഴവും പച്ചക്കറിയും കുന്നുകൂടും. വില കുത്തനെ കുറയ്‌ക്കേണ്ടി വരികയും ചെയ്യും.
അരി കയറ്റുമതിയും പ്രതിസന്ധിയില്‍
ഇന്ത്യയുടെ കയറ്റുമതി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. രാജ്യത്ത് നിന്ന് അരി പ്രധാനമായും കയറ്റുമതി ചെയ്യുന്നത് ഗള്‍ഫ് മേഖലയിലേക്കും ഇറാനിലേക്കുമാണ്. ഹരിയാനയില്‍ നിന്നുള്ള ബസ്മതി അരി ഇറാനിലേക്ക് കയറ്റുമതി ചെയ്‌തെങ്കിലും ബാന്തര്‍ അബ്ബാസ് തുറമുഖത്ത് കെട്ടിക്കിടക്കുകയാണ്. നിലവില്‍ ഹോര്‍മുസ് അടച്ചതിനാല്‍ ഇനി കയറ്റുമതി സാധിക്കുകയുമില്ല.
കയറ്റുമതി മാത്രമല്ല, ഇറക്കുമതിയും പ്രതിസന്ധിയിലാണ്. ഹോര്‍മുസ് വഴി വരുന്ന ക്രൂഡ് ഓയില്‍, വാതകം എന്നിവ ഇനി എത്തില്ല. വാതകം ഉല്‍പ്പാദനം ഖത്തര്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. യുദ്ധം അവസാനിച്ചാല്‍ മാത്രമാണ് എല്ലാം പഴയപോലെ ആകുക. യുദ്ധം നീളുന്നതിന് അനുസരിച്ച് പ്രതിസന്ധി ഇരട്ടിയാകും. മൂന്നാഴ്ച വരെ ഉപയോഗിക്കാനുള്ള ക്രൂഡ് ഓയിലും ഇന്ധനവും ഇന്ത്യയിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications