പലരുടെയും പേരില്ല, വാര്‍ഡുകള്‍ മാറ്റിയിരിക്കുന്നു; സിപിഎം ബിജെപിക്ക് പഠിക്കുന്നു എന്ന് രമേശ് ചെന്നിത്തല
കൊച്ചി: പരിഷ്‌കരിച്ച വോട്ടര്‍ പട്ടിക എന്ന പേരില്‍ പുറത്തിറക്കിയ പട്ടികയില്‍ വ്യാപക ക്രമക്കേട് ഉണ്ടെന്ന് രമേശ് ചെന്നിത്തല. മഹാരാഷ്ട്രയിലും ബിഹാറിലും ബിജെപി ചെയ്യുന്നത് കേരളത്തില്‍ സിപിഎം ചെയ്യുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെയാണ് ഈ കളിയെന്നും ചെന്നിത്തല വിമര്‍ശിച്ചു. പരാതി ബോധിപ്പിക്കാന്‍ നല്‍കിയ സമയം അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടത്തി സിപിഎമ്മിനെ സഹായിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വ്യാപകമായ പരാതികളാണ് ഉയരുന്നത്. പല വോട്ടര്‍മാരുടെയും വാര്‍ഡുകള്‍ മാറ്റിയിരിക്കുന്നു. പലരുടെയും പേര് പട്ടികയില്‍ ഇല്ല. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് നേരത്തെ മഹാരാഷ്ട്രയിലും ബിഹാറിലും വാര്‍ത്തയായിരുന്നു. ബിജെപിയില്‍ നിന്ന് പഠിച്ച് നടപ്പാക്കലാണ് സിപിഎം കേരളത്തില്‍ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

രമേശ് ചെന്നിത്തലയുടെ കുറിപ്പ് വായിക്കാം: ''കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ മഹാരാഷ്ട്ര മോഡല്‍ അട്ടിമറി നടത്തി സിപിഎമ്മിനെ രാഷ്ട്രീയമായി സഹായിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
വ്യാപകമായ പരാതികളാണ് വോട്ടര്‍ പട്ടികയെ പറ്റി പുറത്തു വന്നിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജൂലൈ 23 നു പുറത്തിറക്കിയ പരിഷ്‌കരിച്ച വോട്ടര്‍ പട്ടികയില്‍ മുമ്പില്ലാത്ത വണ്ണം പ്രശ്നങ്ങള്‍ വ്യക്തമാണ്. പല വാര്‍ഡുകളിലെയും വോട്ടര്‍മാരെ മാറ്റി മറിച്ച് മറ്റു വാര്‍ഡുകളിലാക്കിയിരി്ക്കുന്നു. പലരുടെയും പേരുകള്‍ മിസിങ്ങാണ്.
തെരഞ്ഞെടുപ്പിന്റെ എല്ലാ കള്ളത്തരങ്ങളും പിടിക്കപ്പെട്ടതോടെയാണ് വോട്ടര്‍ പട്ടികയില്‍ വ്യാപക കൃത്രിമം നടത്തി മഹാരാഷ്ട്രയില്‍ ബിജെപി അട്ടിമറി വിജയം നേടിയത്. ഇത് പ്രതിപക്ഷം മനസിലാക്കിയപ്പോള്‍ ബീഹാറില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ലക്ഷക്കണക്കിന് ആള്‍ക്കാരെ നീക്കം ചെയ്തു വിജയം ഉറപ്പിക്കാനാണ് ശ്രമം. ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ സസൂക്ഷ്മം കണ്ടു പഠിച്ചു നടപ്പാക്കലാണ് സിപിഎം കേരളത്തില്‍ ചെയ്യുന്നത്. ഇതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും അവരെ കയ്യയച്ചു സഹായിക്കുന്നു.
ബൂത്തുകളിലെ വോട്ടുകളുടെ എണ്ണം 1100 ആയി ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിജപ്പെടുത്തിയിരുന്നത് വീണ്ടും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ 1300 ആക്കിയിട്ടുണ്ട്. ഇത് പോളിങ് ക്രമാതീതമായി വൈകാന്‍ ഇടയാക്കും. പലയിടങ്ങളിലും പോളിങ് ബൂത്തുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ഇതൊടപ്പം തങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ വാര്‍ഡ് വിഭജനം നടത്തിയും ഒക്കെയാണ് സിപിഎം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ അട്ടിമറി നടത്തുന്നത്. പരാതികള്‍ ബോധിപ്പിക്കാനായി നല്‍കിയ 15 ദിവസത്തെ സമയം തികച്ചും അപര്യാപ്തമാണ്. ഇത് വര്‍ധിപ്പിക്കണം''












Click it and Unblock the Notifications