മഴ കനക്കാന്‍ പോകുന്നു; വയനാടും ഇടുക്കിയും അടക്കം 8 ജില്ലകളിലേക്ക് എന്‍ഡിആര്‍ഫ് സംഘമെത്തുന്നു
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കാലവര്‍ഷത്തിന്റെ വരവ് ഉറപ്പിച്ചതോടെ ദേശീയ ദുരന്ത നിവാരണ സേനയും സജ്ജമാകുന്നു. കേരളത്തില്‍ മേയ് 26 ന് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തും എന്നാണ് കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിരിക്കുന്നത്. കാലവര്‍ഷം ശക്തിപ്പെടാനുള്ള സാഹചര്യം അനുകൂലമാണ് എന്നും ഐ എം ഡി അരിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, മഴക്കാലം പ്രവചിച്ച തീയതിയേക്കാള്‍ നാല് ദിവസം മുമ്പോ വൈകിയോ ആയിരിക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ കണക്കിലെടുത്ത്, സംസ്ഥാനത്തുടനീളമുള്ള വിവിധ ജില്ലകളിലായി ദേശീയ ദുരന്ത നിവാരണ സേന (എന്‍ ഡി ആര്‍ എഫ്) ടീമുകളെ വിന്യസിക്കാന്‍ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു. ഇതോടെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ എട്ട് ജില്ലകളിലായി 30 രക്ഷാപ്രവര്‍ത്തകര്‍ അടങ്ങുന്ന 8 ടീമുകളെ എന്‍ ഡി ആര്‍ എഫ് വിന്യസിച്ചിട്ടുണ്ട്.

ഈ ടീമുകള്‍ 'സ്വയം നിയന്ത്രിതവും അടിയന്തര ഘട്ടങ്ങളില്‍ ഫലപ്രദമായി പ്രതികരിക്കുന്നതിന് ആവശ്യമായ തിരച്ചില്‍, രക്ഷാ ഉപകരണങ്ങള്‍, ആശയവിനിമയ ഉപകരണങ്ങള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ എന്നിവയുമായി സജ്ജീകരിച്ചിരുന്നു', എന്ന് എന്‍ ഡി ആര്‍ എഫ് ഒരു ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. കൂടാതെ, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി ആഴ്ച മുഴുവന്‍ ആരക്കോണത്ത് നിന്ന് 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.
കാലാവസ്ഥ നിരീക്ഷിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ ഉടനടി പ്രതികരിക്കുന്നതിനുമായി സംസ്ഥാന അടിയന്തര പ്രവര്‍ത്തന കേന്ദ്രവുമായി അടുത്ത സഹകരണത്തോടെ പ്രവര്‍ത്തിക്കും എന്ന് എന്‍ ഡി ആര്‍ എഫ് അറിയിച്ചു. അതേസമയം, കാലവര്‍ഷം ആരംഭിക്കാന്‍ ഒരു ആഴ്ചയില്‍ താഴെ മാത്രം ശേഷിക്കെ, സംസ്ഥാനത്ത് ഇപ്പോഴും മഴ തുടരുകയാണ്. വരും ദിവസങ്ങളില്‍ ചില പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് ഐ എം ഡി പ്രവചിക്കുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഏഴ് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റര്‍ മുതല്‍ 4.5 കിലോമീറ്റര്‍ വരെ ഉയരത്തിലായി തെക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്ന് ലക്ഷദ്വീപ്, വടക്കന്‍ കേരളം, കര്‍ണാടകയുടെ തെക്കന്‍ ഉള്‍പ്രദേശങ്ങള്‍, ആന്ധ്രാപ്രദേശ് എന്നിവയ്ക്ക് മുകളിലൂടെ മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ വരെ നീളുന്ന ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട് എന്നും ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലും കേരളത്തിലും മാഹിയിലും ഇടിമിന്നലോടുകൂടിയ മഴ തുടരും എന്നാണ് വിലയിരുത്തല്‍. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.















Click it and Unblock the Notifications