സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലേർട്ട്; അടുത്ത 3 ദിവസവും മഴ തകർത്തുപെയ്യും
തിരുവനന്തപുരം: കനത്ത ചൂടിനിടെ ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയുണ്ടാകാനുള്ള സാധ്യത ഉണ്ട് എന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയും മിന്നലും ഉണ്ടാവാൻ സാധ്യതയുണ്ട്. അതേ സമയം, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം:
കേരള തീരത്ത് ഇന്ന് ഉച്ചയ്ക്ക് 02. 30 വരെ 0 . 5 മുതൽ 1 . 2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും. കടലാക്രമണത്തിനും സാധ്യത ഉണ്ടെന്നും വേഗത സെക്കന്റിൽ 10 സെന്റി മീറ്ററിനും 40 സെന്റി മീറ്ററിനും ഇടയിൽ മാറിവരാൻ സാധ്യത ഉണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11. 30 വരെ 0.5 മുതൽ 1. 3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വേഗത സെക്കന്റിൽ 10 സെന്റി മീറ്ററിനും 45 സെന്റി മീറ്ററിനും ഇടയിൽ മാറിവരാൻ സാധ്യത ഉണ്ടെന്നും ദേശിയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചും. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കുക.
ജാഗ്രതാ നിർദ്ദേശം:
1. കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം.
2. മത്സ്യബന്ധന യാനങ്ങൾ ( ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.












Click it and Unblock the Notifications