വ്യാഴാഴ്ചയോടെ വേനൽമഴ ശക്തി പ്രാപിക്കാൻ സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ വേനൽ മഴ ശക്തി പ്രാപിക്കാൻ സാധ്യത. എല്ലാ ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിക്കുന്നത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറിൽ 64. 5 മില്ലി മീറ്റർ മുതൽ 115. 5 മില്ലി മീറ്റർ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പും നൽകി. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശ്ശൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ഈ ദിവസങ്ങളിൽ രേഖപ്പെടുടത്താൻ സാധ്യത ഉണ്ടെന്നാണ് അറിയിപ്പ്.
സാധാരണയെക്കാൾ 2 - 4 ഡിഗ്രി സെൽഷ്യഷ് വരെ ചൂട് കൂടാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിൽ ഒഴികെ ഈ ദിവങ്ങളിൽ ചൂടും അസ്വസ്ഥതതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേ സമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത ഉണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. ബുധനാഴ്ച രാത്രി 11. 30 വരെ 0. 5 മുതൽ 1. 1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടലാക്രമണത്തിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രതപാലിക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു.
ജാഗ്രതാ നിർദ്ദേശം:
1. കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം.
2. മത്സ്യബന്ധന യാനങ്ങൾ ( ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.












Click it and Unblock the Notifications