കാലാവസ്ഥ: ചൂടിൽ ആശ്വാസമായി മഴ എത്തും; 11 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത..
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ ആശ്വാസമായി മഴയെത്തുന്നു. ഇന്ന് വിവിധ ജില്ലകളിൽ മഴ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വിവരം അനുസരിച്ച് തിരുവനന്തപുരം, കാെല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ലക്ഷദ്വീപിലും ഇന്ന് മഴ ലഭിച്ചേക്കും.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്കാണ് സാധ്യത. ഇതിന് പുറമെ ഇടിമിന്നലിനും കാറ്റിനും സാധ്യത ഉണ്ട്. അഞ്ചാം തീയതി വരെയുള്ള കാലാവസ്ഥ മുന്നറിയിപ്പുകളിൽ സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് വിവിധ പ്രദേശങ്ങളിൽ സാധ്യത നിലനിൽക്കുന്നുണ്ട്. ഇടിമിന്നൽ കാെണ്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണം.

അതേ സമയം പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പുറപ്പെടുവിപ്പിച്ച ഉഷ്ണ തരംഗ സാധ്യത ഇന്നും നിലനിൽക്കുന്നുണ്ട്. കാലാവസ്ഥ വകുപ്പ് ഈ പ്രദേശങ്ങളിൽ യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. ഉഷ്ണ തരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതു ജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരുന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സമയങ്ങളിൽ ജനങ്ങൾക്ക് സൂര്യാഘാതാവും സൂര്യതാപവും ഏൽക്കാൻ സാധ്യത കൂടുതലാണ്.
പാലക്കാട് ജില്ലയിൽ ഞായറാഴ്ച വരെ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയേക്കും. ഈ ദിവസങ്ങളിൽ തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ , പത്തനംതിട്ട,, കണ്ണൂർ, ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തരപുരം, എറണാകുളം, കാസർഗോഡ്, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് രേഖപ്പെടുത്താൻ സാധ്യ ഉള്ളതായി കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാത്തരം പുറം ജോലികളും, കായിക വിനോദങ്ങളും മറ്റ് പ്രവർത്തനങ്ങളും പൂർണമായും നിർത്തി വെയ്ക്കുക. ധാരാളമായി വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക.
പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക. കായികാദ്ധ്വാനം ഉള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ സമയത്ത് പൂർണമായും ഒഴിവാക്കുക.












Click it and Unblock the Notifications