ആശ്വാസം; ഇന്ന് മഴ പെയ്യും, ഈ രണ്ട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്..
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒഴികെയുള്ള എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ലഭിക്കും എന്നാണ് കാലാവസ്ഥ പ്രവചനം.
നാളെ അഞ്ച് ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് നാളെ മഴ ലഭിക്കാൻ സാധ്യത. ഏപ്രിൽ 26 നും 27 നും എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം:
ഇടി മിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത - ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതു ജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻ കരുതലുകൾ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുത്.
ഇടി മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിന് അകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. വൈദ്യുതോപകരങ്ങളുമായുള്ള സാമിപ്യം ഇടി മിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലി ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികൾ ഉൾപ്പെടെ കളിക്കുന്നത് ഒഴിവാക്കുക.
ഇടി മിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിൽ തന്നെ തുടരുക. കൈകാലുകൾ പുറത്തിടരുത്. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും.
ഇടി മന്നലിൽ നിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം.












Click it and Unblock the Notifications