കാലാവസ്ഥ: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്, ഓറഞ്ച് അലേർട്ട്, ജാഗ്രത വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലേർട്ട് ഇന്നും തുടരും. ഇന്ന് 3. 30 വരെ 1. 5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളടിയ്ക്കാൻ സാധ്യ ഉണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം.
ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമായിരുന്നു. മുന്നറിയിപ്പുകൾ ഒരുകാരണവശാലും അവഗണിക്കരുത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം. യാതൊരു കാരണവശാലും തീരത്ത് കിടന്ന് ഉറങ്ങരുത്. മത്സ്യ ബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണം എന്നും മുന്നറിയപ്പുണ്ട്.

കള്ളക്കടൽ ഭീഷണി അറിയിപ്പ് ഇങ്ങനെ:
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് ( 6 - 5 - 2024 ) വൈകീട്ട് 3. 30 വരെ 0. 5 മുതൽ 1. 5 മീറ്റർ വരെ അതി തീവ്രമായ തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്താെഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.
1. കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കണം.
2. മത്സ്യബന്ധന യാനങ്ങൾ ( ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യ ബന്ധനം ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
4. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം
5. കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും രാത്രി 8 മണിക്ക് ശേഷം മത്സ്യ ബന്ധനം നടത്താൻ പാടുള്ളതല്ല.
6. കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ അഴിമുഖങ്ങളിൽ നിന്നും മത്സ്യ ബന്ധനത്തിനായി ചെറിയ യാനങ്ങളിൽ കടലിലേക്ക് പുറപ്പെടാൻ പാടുള്ളതല്ല. കടൽ പ്രക്ഷുബ്ധമായിരിക്കും.












Click it and Unblock the Notifications