കാലാവസ്ഥ: 5 ദിവസം മഴ തകർത്ത് പെയ്യാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: ചൂടിൽ ആശ്വാസമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.
നാളെ പത്തനംതിട്ട, ഇടുക്കി വയനാട് എന്നിവിടങ്ങളിലും 13ാം തീയതി തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 14 ന് പത്തനംതിട്ടയിലും 15 ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. സംസ്ഥനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേ സമയം കേരള - കർണാടക തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

24 മണിക്കൂറിൽ 64. 5 മില്ലി മീറ്റർ മുതൽ 115 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലേർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. ഈ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയാ മഴയാണ് പ്രവചിക്കുന്നത്. മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം:
ഇടിമിന്നൽ അപകടകാരിയാണ്. അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതിരിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക വൈദ്യുതോപകരങ്ങളുമായുള്ള സാമിപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണമെന്നും നിർദ്ദേശം.
അതേ സമയം നേരത്തെ എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരുന്നു. തിരുവനന്തപുരം, കാെല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരുന്നത്. പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാത്തരം പുറം ജോലികളും, കായിക വിനോദങ്ങളും മറ്റ് പ്രവർത്തനങ്ങളും പൂർണമായും നിർത്തി വെയ്ക്കുക. ധാരാളമായി വെള്ളം കുടിക്കുക. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക..












Click it and Unblock the Notifications