ഒന്നല്ല, രണ്ട് ചക്രവാതച്ചുഴികൾ, ഇന്നും മഴ തുടരും; ഈ ജില്ലക്കാർ ശ്രദ്ധിക്കുക
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ഉള്ളതായി അറിയിപ്പ്. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള കിഴക്കൻ ഇന്ത്യൻ മഹാ സമുദ്രത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലാണ് ഇന്നും മഴ തുടരാനുള്ള കാരണം. തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ - കിഴക്കൻ അറബിക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.
രണ്ട് ദിവസം മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിതമായ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത ഉണ്ട്. അതേ സമയം ഒരു ജില്ലകളിലും ഇന്ന് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

മാലിദ്വീപ് പ്രദേശം, അതിനോട് ചേർന്ന തെക്ക് കിഴക്കൻ അറബിക്കടൽ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ നാളെ മണിക്കൂറിൽ 40 മുതൽ 45 കിലോ മീറ്റർ വരേയും ചില അവസരങ്ങളിൽ 55 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ട്.
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെ എന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളത് കൊണ്ട് മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം.
കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളത് കൊണ്ട് അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനസരണം മാറി താമസിക്കണമെന്നും മത്സ്യ ബന്ധന യാനങ്ങൾ ( ബോട്ട്, വള്ളം, മുതലായവ ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം എന്നും അറിയിപ്പുണ്ട്.
വള്ളങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുന്നത് കൂട്ടിയിടിച്ച ഉണ്ടാവുന്ന അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുകയും വേണം.












Click it and Unblock the Notifications