ന്യൂനമർദ്ദ പാത്തി; ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: തെക്കൻ മഹാരാഷ്ട്ര മുതൽ വടക്കൻ കേരള തീരത്തിന് സമീപം വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടു. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴക്കും അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലായെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. നാളെ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
കേരള തീരത്തും തമിഴ്നാട് തീരത്തും നാളെ (09-06-2024 ന്) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിർദേശങ്ങൾ
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.












Click it and Unblock the Notifications