കാലാവസ്ഥ: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായി മഴ തുടരുന്നു. ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 1 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി. മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിലും മഴ ശക്തമാകും.

കേരള തീരത്ത് ഇന്ന് (29 - 05- 2024) രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 55 സെന്റി മീറ്ററിനും 70 സെന്റി മീറ്ററിനും ഇടയിൽ മാറിവരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് (29 - 05- 2024) രാത്രി 11.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 55 സെന്റി മീറ്ററിനും 80 സെന്റി മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കാൻ നിർദ്ദേശമുണ്ട്.
അതേ സമയം കനത്ത മഴയിൽ സംസ്ഥാനത്ത് വൻനാശമാണ് ഉണ്ടായിരിക്കുന്നത്. കോട്ടയം ഭരണങ്ങാനം ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടി ഏഴ് വീടുകൾ തകർന്നു. മീനച്ചിൽ താലൂക്കിലെ മലയോര മേഖലകളിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി. വൈക്കം വേമ്പനാട്ട് കായലിൽ വള്ളം മറിഞ്ഞ് മത്സ്യത്താെഴിലാളി മരണപ്പെട്ടു. ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞാണ് ചെമ്പ് സ്വദേശി സദാനന്ദൻ മരിച്ചത്.
കൊച്ചിയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചിരുന്നു. വേങ്ങൂർ മേയ്ക്കപ്പാല ഐക്കരപ്പടി ഷൈബിന്റെ മകൻ എൽദോസാണ് മരിച്ചത്. മാവേലിക്കരയിൽ മരം കടപുഴകി വീണ് ഓലകെട്ടി സ്വദേശി അരവിന്ദനും ഇടുക്കി മറയൂരിൽ മത്സ്യബന്ധനത്തിനിടെ ആറ്റിൽ ഒഴുക്കിൽപ്പെട്ട് പാമ്പാർ സ്വദേശി രാജനും മരിച്ചിരിന്നു.












Click it and Unblock the Notifications