സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത, മുന്നറിയിപ്പില്‍ മാറ്റം, രണ്ടിടത്ത് റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് കോട്ടയം, എറണാകുളം ജില്ലകളില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ട് എന്നും ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് ആയിരിക്കും എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്നതിനെ ആണ് അതിതീവ്ര മഴ എന്ന് വിശേഷിപ്പിക്കുന്നത്.
എറണാകുളം ജില്ലയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ശക്തമായ മഴയും വെള്ളക്കെട്ടും തുടരുകയാണ്. അതേസമയം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ഓറഞ്ച് അലര്‍ട്ടായിരിക്കും. ഇവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെ ആണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ വെള്ളിയാഴ്ചയിലും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ശനിയാഴ്ചയും യെല്ലോ അലര്‍ട്ടായിരിക്കും. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് ഉദ്ദേശിക്കുന്നത്.
അതിനിടെ കോട്ടയം ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നിരോധിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ വി. വിഘ്‌നേശ്വരി ഉത്തരവിട്ടു. അതേസമയം എറണാകുളത്ത് രാവിലെ മുതല്‍ പെയ്യുന്ന മഴയില്‍ നഗരം വെള്ളത്തിലായി.
രാവിലെ 9.10 മുതല്‍ 10.10 വരെയുള്ള സമയത്ത് കൊച്ചി മഴ മാപിനിയില്‍ 100 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഇത് മേഘവിസ്‌ഫോടനത്തിന്റെ ഫലമായിട്ടായിരിക്കാം എന്നാണ് കുസാറ്റിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. സംസ്ഥാനത്ത് കാലവര്‍ഷം വെള്ളിയാഴ്ചയോടെ എത്തിയേക്കും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തവണ കാലവര്‍ഷം സാധാരണയെക്കാള്‍ കൂടുതല്‍ ലഭിക്കാനാണ് സാധ്യത എന്നാണ് പ്രവചനം.












Click it and Unblock the Notifications