സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അടുത്ത മണിക്കൂറിൽ ഈ ജില്ലകളിൽ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായി മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോ മീറ്റർ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
എന്നാൽ ബുധനാഴ്ചയോടെ മഴ ശക്തമാകും എന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ബുധനാഴ്ചയും വ്യാഴാഴ്ചയും തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കാെല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേ സമയം പശ്ചിമ ബംഗാളിൽ റേമൽ ചുഴലിക്കാറ്റ് കര തൊട്ടു. ശക്തമായ കാറ്റിൽ സൗത്ത് 24 പർഗാനസ് ജില്ലയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. ദേശീയ ദുരന്ത നിവാരണ സേന മരങ്ങൾ മുറച്ച് മാറ്റുകയാണ്. 110 മുതൽ 120 കിലോ മീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ബംഗാളിലെ തീര പ്രദേശങ്ങളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബംഗാളിലെ തീര പ്രദേശങ്ങളിൽ നിന്നും ഒരു ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന സജ്ജമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും അറിയിച്ചു.
കരസേന, നാവിക സേന, കോസ്റ്റ് ഗാർഡ് തുടങ്ങിയ സേനകളും ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമായി നിൽക്കുകയാണ്. ത്രിപുരയിൽ സംസ്ഥാന സർക്കാർ നാല് ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ദുരന്ത നിവാരണ സേനയിൽ നിന്നും എൻ ഡി ആർഎഫിൽ നിന്നുമുള്ള 16 ബറ്റാലിയനുകളെ തീരപ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.












Click it and Unblock the Notifications